ചെന്നൈ: ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ 144 കടുപ്പിക്കാന്‍ തമിഴ്നാട്ടില്‍ പോലീസിന്റെ തീരുമാനം. ഇനി മുതല്‍ അഞ്ചുപേരില്‍ അധികം ആളുകളെ ഒന്നിച്ചു കണ്ടാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. ഇതിനുപിന്നാലെ സംസ്ഥാനത്ത് പോലീസ് പരിശോധന കര്‍ശനമാക്കി.
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ചെന്നൈയില്‍ മാത്രം സംഗതി വ്യത്യസ്തമാണ്. ഇന്നലെ തമിഴ്നാട്ടില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 203 കേസുകളാണ് ഇതില്‍ 176 ഉം ചെന്നൈ ജില്ലയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം തമിഴ്നാട്ടിലെ കൊറോണ കേസുകളില്‍ 80 ശതമാനത്തിലധികം ചെന്നൈയില്‍നിന്നായിരുന്നു. ചെന്നൈയില്‍ തിരുവിക നഗറിലാണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത്,259 പേര്. 261 കേസുകളുമായി റോയപുരമാണ് രണ്ടാം സ്ഥാനത്ത്.
ചെന്നൈയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഓഫീസര്‍ ജെ. രാധാകൃഷ്ണനെ നിയമിച്ചു. അഞ്ച് സീനിയര്‍ ഐപിഎസ് ഏഫീസര്മാരാണ് ഇദ്ദേഹത്തെ സഹായിക്കാന്‍ ഉള്ളത്.
ഇതിനിടെ കൂടുതല്‍ പരിശോധനകള്‍ നടത്തിയതാണ് കൂടുതല്‍ കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ടുചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയാഴ്ച മാത്രം പതിനായിരത്തോളം പരിശോധനകളാണ് നടത്തിയത്. 10000 പരിശോധനകള്‍ ഒരു ദിവസം നടത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഒരുലക്ഷത്തി മുപ്പതിനായിരം ടെസ്റ്റുകളാണ് ഇതുവരെ തമിഴ്നാട്ടില്‍ നടത്തിയിട്ടുള്ളത്. ഓറഞ്ചു സോണുകള്‍ ഗ്രീന്‍ ആക്കിമാറ്റാനും റെഡ്്സോണുകള് ഓറഞ്ചാക്കാനുമുള്ള തീവ്രപ്രവര്ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്് ഇതുമായി ജനം സഹകരിച്ചെങ്കില്മാത്രമേ രോഗത്തെ പിടിച്ചുകെട്ടാനാകൂ എന്നും മുഖ്യമന്ത്രി പളനി സ്വാമി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തിന് ആശ്വാസമായി 14 ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറി. 12 ജില്ലകള്‍ ഇപ്പോഴും റെഡ്സോണിലാണ്. കൃഷ്ണഗിരി മാത്രമാണ് ഗ്രീന്‍ സോണിലുള്ളത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാതെ 28 ദിവസം കഴിഞ്ഞല്മാത്രമേ റെഡ് സോണ്‍ ഓറഞ്ചിലേക്കു മാറൂ എന്ന നിബന്ധന 21 ദിവസമാക്കി കേന്ദ്രസര്‍ക്കാര്‍ കുറച്ചതാണ് തമിഴ്നാടിന് അനുഗ്രഹമായത്.