ചെന്നൈ: കൊറോണ ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ വ്യാപക പ്രതിഷേധം. നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ സംഭവത്തിനെതിരേ രംഗത്ത് വന്നു.
ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് ഇതെന്നുമായിരുന്നു ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രതികരണം.
എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാല്‍ ചെന്നൈയിലെ സ്വന്തം എന്‍ജിനിയറിംഗ് കോളജ് കാമ്പസ് കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാന്‍ വിട്ടുനല്കുന്നതുമയി പ്രഖ്യാപിച്ചാണ് ഇക്കാര്യത്തിലെ ഉത്കണ്ഠയും പ്രതിഷേധവും നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് പ്രകടിപ്പിച്ചത്.
മരിച്ചവരുടെ ശരീരത്തില്‍നിന്ന് കൊറോണ പടരില്ലെന്ന് ഡബ്ല്യുഎച്ച്ഒ പോലും അറിയിപ്പ് നല്‍കിയിട്ടും ജനം ഇങ്ങനെ പെരുമാറുന്നതിന് കാരണം മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശനമായി നിയമനടപടികളുമായി മുന്നോട്ടുപോകണമെന്ന് ഐഎംഎ തമിഴ്നാട് ഘടകം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടു. സംഭവത്തെ ഐഎംഎ പ്രസിഡന്റ് ഡോ. കെ സെന്തില്‍ അപലപിച്ചു.
വിവിധ ഇടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സംഭവം വലിയ നാണക്കേടാണെന്നും ഇങ്ങനെയാണോ ജനങ്ങള്‍ ഡോക്ടര്‍മാര്‍ നല്കുന്ന സേവനത്തിന് പ്രതിഫലം നല്‍കുന്നത് എന്നുമായിരുന്നു മരിച്ച ഡോക്ടറുടെ സുഹൃത്തിന്റെ കണ്ണുനിറഞ്ഞ് ഒഴുകിക്കൊണ്ടുള്ള വീഡിയോ.
സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷികളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് 55 വയസുള്ള ഡോ. സൈമണ്‍ ഹെര്‍ക്കുലീസ് കൊറോണ ബാധിച്ച് മരിക്കുന്നത്. രണ്ട് ആശുപത്രികളുടെ ഉടമയായിരുന്ന അദ്ദേഹം ന്യൂറോ സര്‍ജനുമാണ്.
രോഗിയില്‍നിന്നാണ് അദ്ദേഹത്തിന് കൊറോണ ബാധയുണ്ടായത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതെ അധികം വൈകാതെ മരിച്ചു.
ഡോക്ടറുടെ സംസ്കാരത്തിന് പോലീസും ബന്ധുക്കളുമടങ്ങിയ സംഘം തിങ്കളാഴ്ച രാവിലെയാണ് അടുത്തുള്ള വേലന്കാട് ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം അടുത്തുള്ള കീഴ്പാക്കത്തെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ഒരു സംഘം നാട്ടുകാര്‍ തടയുകയായിരുന്നു. വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ശേഷം ജനക്കൂട്ടം കല്ലെറിഞ്ഞു.തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.
വന്‍ പോലീസ് സന്നാഹത്തോടെ ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 20 പേർക്കെ തിരെ അണ്ണാനഗര്‍ പോലീസ് കേസെടുത്തു . ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. തമിഴ്നാട്ടില്‍ കൊറോണ ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.
ഇതിനിടെ മുഖ്യമന്ത്രി പളനിസ്വാമിക്കെതിരേ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് വിമര്‍ശനവുമായി രംഗത്തെത്തി. മൂന്നു ദിവസംകൊണ്ട് തമിഴ്നാട്ടിലെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തില്‍ എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അദ്ദേഹം കളിയാക്കി.
സര്‍ക്കാര്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് കൂടിവരുന്ന കോവിഡ് കേസുകള്‍ കാണിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ എല്ലാവരും കര്‍ശമനായി പാലിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംരക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറും വെബ്സൈറ്റും ആരംഭിച്ച അദ്ദേഹം കൊറോണയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ഏതുസമയത്തും പൊതുജനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.
ഇതിനിടെ ഇന്നലെ തമിഴ്നാട്ടില്‍ 98 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1575 ആയി ഉയര്‍ന്നു. ഇതില്‍ 31 പേര് പത്തുവയസില്‍ താഴെയുള്ളവരാണ്.
്