തിരുവനന്തപുരം: കോവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ജില്ലാതലത്തിൽ സമിതി രൂപീകരിക്കും.
ജില്ലാ കളക്ടറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡിഎംഒ, എഡിഎം, ഡിസ്ട്രിക്റ്റ് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവർ അംഗങ്ങളാകും.
നഷ്ടപരിഹാരത്തിനായി മരിച്ചവരുടെ ബന്ധുക്കൾ മതിയായ രേഖകൾ സഹിതം ജില്ലാ കളക്ടറിനു അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ നൽകാം.
ജില്ലാതല സമിതികൾ 30 ദിവസത്തിനുള്ളിൽ അപേക്ഷകളിൽ തീരുമാനമെടുക്കണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.
കോവിഡ് പോസിറ്റീവായിരിക്കേ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്നു സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.