മാവേലിക്കര: കുറത്തികാട് ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിൽ രോഗിയെ പരിശോധിച്ച ഡോക്ടർ ഉൾപ്പെടെ 25 പേരോളം ക്വാറന്റൈനിൽ പോയി.
കായംകുളം മാർക്കറ്റിൽ നിന്നു മത്സ്യം ശേഖരിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കുറത്തികാട് ജംഗ്്ഷനു സമീപമെത്തി വിൽപ്പന നടത്തിയിരുന്ന ആളിനാണു രോഗം സ്ഥിരീകരിച്ചത്. വയറുവേദനയുമായി ബന്ധപ്പെട്ടു കായംകുളത്തെ എബനേസർ ആശുപത്രിയിലെത്തിയ രോഗിയുടെ സ്രവം ശസ്ത്രകിയയ്ക്കു മുന്നോടിയായി പരിശോധനയ്ക്ക് അയച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വയറു വേദന അസഹ്യമായപ്പോൾ രോഗി ജില്ലാ ആശുപത്രിയിലെ സർജനെ കണ്ട ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നു.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗിയെ പരിശോധിച്ച ഡോക്ടർ, നഴ്സ്, ടെക്നീഷൻ, അറ്റൻഡർ, വാർഡിൽ സമീപത്തുണ്ടായിരുന്ന മറ്റു രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവരുൾപ്പെടെ 25 പേരോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് പറഞ്ഞു.
മത്സ്യവിൽപ്പന നടത്തിയിരുന്ന ആളുമായി സന്പർക്കം പുലർത്തിയിരുന്നവർ ഓഫീസിൽ വന്നിരിക്കാമെന്ന സംശയത്തിൽ തെക്കേക്കര പഞ്ചായത്ത് ഓഫീസിൽ ഇന്നലെ അഗ്നിരക്ഷാസേന അണുനശീകരണം നടത്തി.
തെക്കേക്കര പഞ്ചായത്ത് ഓഫീസിൽ ഇന്നു മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ജാഗ്രത സമിതി അംഗങ്ങളുടെയും അടിയന്തിര യോഗം പ്രസിഡന്റ് ഷൈല ലക്ഷ്മണൻ വിളിച്ചിട്ടുണ്ട്.