പത്തനംതിട്ട: കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു തുടക്കമിട്ട പത്തനംതിട്ടയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. ബ്രിട്ടനില്‍ നിന്നെത്തിയ ആറന്മുള എരുമക്കാട് സ്വദേശിയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ് അധികൃതര്‍.
ഇടയ്ക്ക് ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവായെങ്കിലും തുടര്‍ച്ചയായ രണ്ടു പരിശോധനാ ഫലം നെഗറ്റിവാകാന്‍ കാത്തിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നുപേരും അവരുടെ ബന്ധുക്കളുമായ അഞ്ചുപേരില്‍ രോഗം സ്ഥിരീകരിച്ചതോടെ മാര്‍ച്ച് ഏഴിനാണ് കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
പിന്നീടിങ്ങോട്ട് പത്തനംതിട്ട ജില്ലയില്‍ 17 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാളൊഴികെ എല്ലാവരും രോഗം ഭേദമായി ആശുപത്രി വിട്ടു. 3,945 സാമ്പിളുകളാണ് ഇന്നലെ വരെ പത്തനംതിട്ടയില്‍ നിന്നു പരിശോധനയ്ക്ക് അയച്ചത്.
ഇതില്‍ ലഭ്യമായ 3,540 ഫലങ്ങളും നെഗറ്റീവായിരുന്നു. 221 ഫലങ്ങള്‍ ലഭിക്കാനുണ്ട്. നിലവില്‍ 155 പേര് മാത്രമാണ് ഇന്നലെ രാത്രിവരെ ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ എട്ടുപേര്‍ ഐസൊലേഷനിലുണ്ട്. ഒരുഘട്ടത്തില്‍ 8000 ലധികം ആളുകള്‍ പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നതാണ്.