സ്വന്തം ലേഖകൻ
അയ്യന്തോൾ: കോവിഡ് സന്പർക്ക വ്യാപനം അറിയാൻ നാളെ മുതൽ ജില്ലയിൽ ആന്റിജൻ ടെസ്റ്റ് ആരംഭിക്കുമെന്ന് ജില്ല കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.ഇതിനായി 1500 കിറ്റുകൾ എത്തിയിട്ടുണ്ട്. പി.സി.ആർ പരിശോധനയെ അപേക്ഷിച്ച് ആന്റിജൻ ടെസ്റ്റിന് ചിലവു കുറവും വേഗത്തിൽ ഫലമറിയാൻ സാധിക്കുമെന്നതുമാണ് നേട്ടം.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പുതുതായി അന്പതിനായിരം കിടക്കകൾ ഒരുക്കാനായി ഓരോ ജില്ലയ്ക്കും ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും കാസർകോട്, ഇടുക്കി മുൻ ജില്ല കളക്ടറുമായിരുന്ന ജീവൻ ബാബുവിനെ നിയോഗിച്ചു.
സ്കൂളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് അഞ്ഞൂറ് ബെഡുകൾ തൃശൂർ ജില്ലയിൽ ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. അന്യസംസ്ഥാനക്കാരും പ്രവാസികളുമടക്കം 45,000 പേരാണ് ഇപ്പോൾ തൃശൂരിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ആന്റിജൻ ടെസ്റ്റുകൾ നടത്തി അതിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ക്ലസ്റ്റർ സംവിധാനം ആരംഭിക്കുകയുള്ളുവെന്നും കളക്ടർ പറഞ്ഞു.