വൈപ്പിന്‍: വൈപ്പിന്‍ കരയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ നിരക്ക് വച്ച് നോക്കുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന വര്‍ധിക്കുകയാണ്. പഞ്ചായത്തുകള്‍ നല്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ വരെ വൈപ്പിന്കരയിലെ ആറു പഞ്ചായത്തുകളിലായി നിലവിലുള്ള കോവിഡ് ബാധിതര്‍ 1301 ആണ്.
എളങ്കുന്നപ്പുഴ -354, ഞാറക്കല്‍ -222, നായരമ്പലം- 164, എടവനക്കാട് -128, കുഴുപ്പിള്ളി- 64, പള്ളിപ്പുറം- 369 എന്നിങ്ങനെയാണ് കണക്കുകള്‍.ഇതില്‍ ബുധനാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 142 പേര്‍ക്കാണ്. എളങ്കുന്നപ്പുഴ -37, ഞാറക്കല്‍ -13, നായരമ്പലം -26, എടവനക്കാട്- 2, കുഴുപ്പിള്ളി -9, പള്ളിപ്പുറം -55 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍.
ഒരിടയ്ക്ക് 3000 വരെ ഉയര്‍ന്ന കോവിഡ് രോഗികളുടെ എണ്ണം പിന്നീട് കുറഞ്ഞ് ഈ മാസം എട്ടിന് 1042ല്‍ എത്തിയതായിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ ഇത് ഉയര്‍ന്ന് ഈ മാസം 13ന് 1251 ലേക്ക് എത്തി.
92 പേരാണ് സുഖം പ്രാപിച്ചത്. ഇതിനിടെ നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, പള്ളിപ്പുറം പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. ആഴ്ച തോറുമുള്ള അവലോകനത്തില്‍ നാല് പഞ്ചായത്തുകളിലെയും ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടുതലായതോടെയാണ് ലോക്ഡൗണായത്.
നായരമ്പലം , ഞാറക്കല്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകളില്‍ നിലവിലുള്ള ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഈ ആഴ്ചയും തുടരും. ഇവിടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് പോലീസ് അറിയിച്ചു.
അവശ്യ വസ്തു എന്ന നിലയില്‍ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറക്കാം. ഇതിനിടെ എടവനക്കാട് പഞ്ചായത്ത് ‘ബി’യില്‍നിന്നു ‘സി’യിലേക്ക് മാറിയതായി പോലീസിന്റെ സന്ദേശം ഉണ്ടായിരുന്നു. ഇത് പിശക് പറ്റിയതാണെന്നും ‘ബി’യില്‍ തന്നെ തുടരുകയാണെന്നും പോലീസ് പിന്നീട് അറിയിച്ചു. ു