കൽപ്പറ്റ: കോവിഡ്-19 ബോധവത്കരണത്തിനു ഹ്രസ്വചലച്ചിത്രവുമായി ജനപ്രതിനിധി. വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അനിൽകുമാറാണ് ശീലങ്ങൾ മാറണം എന്ന പേരിൽ ഹ്രസ്വചലച്ചിത്രം സംവിധാനം ചെയ്തത്. ഇതിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
സിനിമാതാരങ്ങളായ ജോജു ജോർജ്, എസ്തർ അനിൽ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല, ആർടിഒ എം.പി. ജയിംസ് എന്നിവരാണ് അഞ്ചു മിനിറ്റും 17 സെക്കൻഡും ദൈർഘ്യമുള്ള ചലച്ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കുറുവ ദ്വീപ് പരിസരം, തരിയോട്, പൊഴുതന, കൽപ്പറ്റ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
എസ്തർ അനിലും ജോജു ജോർജുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് കോവിഡ്-19 ബോധവത്കരണം. കൊറോണ വൈറസ് ബാധയെ അകറ്റിനിർത്തുന്നതിനു ശീലങ്ങൾ മാറണമെന്നും വ്യക്തികൾ തമ്മിൽ അകലം പാലിക്കുകയാണ് പുതിയ അടുപ്പമെന്നും കഥാപാത്രങ്ങളിലുടെ സംവിധായകൻ പറയുന്നു.
ആയുർവേദ ചികിത്സയ്ക്കെത്തി ലോക്ക്ഡൗണ്‍മൂലം വയനാട്ടിൽ കുടുങ്ങിയ താൻ കുറെ നല്ലശീലങ്ങൾ പഠിച്ചതായി എസ്തറുമായുള്ള സംഭാഷണത്തിൽ ജോജു തുറന്നുപറയുന്നു.
കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്നു സമൂഹത്തിൽ പൊടുന്നനെ ഉണ്ടായ മാറ്റങ്ങൾ ഹ്രസ്വചിത്രത്തിൽ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈൻ ക്ലാസ്, പോലീസിന്റെ വാഹന പരിശോധന, തൊഴിലിടങ്ങളിലെ സാമൂഹിക അകലം പാലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലൂടെ സംവിധായകൻ ശക്തമായ സന്ദേശമാണ് നൽകുന്നത്.
അര ലക്ഷം രൂപ ചെലവിൽ അഞ്ചു ദിവസമെടുത്താണ് ജില്ലാ ഭരണകൂടത്തിനുവേണ്ടി ഹ്രസ്വചലച്ചിത്രം തയാറാക്കിയതെന്നു ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയുമായ സംവിധായകൻ പറഞ്ഞു.
നവമാധ്യങ്ങൾ, പ്രാദേശിക ചാനലുകൾ തുടങ്ങിയവയിലൂടെ സൃഷ്ടി ജനങ്ങളിലെത്തിക്കാനാണ് വർഷങ്ങളോളം പരസ്യചിത്ര നിർമാണ രംഗത്തു പ്രവർത്തിച്ചിട്ടുള്ള സംവിധായകന്റെ പദ്ധതി.