സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകൾ ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്ക് നൽകണമെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ വിതരണത്തിനായി പ്രത്യേകം കേന്ദ്രങ്ങൾ തയാറാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച മാർഗരേഖയിൽ പറയുന്നു.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ മാത്രമേ വാക്സിൻ കേന്ദ്രത്തിൽ ഉണ്ടായിരിക്കാൻ പാടുള്ളൂയെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
മൂന്നു മുറികളിലായിട്ടാണ് വാക്സിൻ കേന്ദ്രം തയാറാക്കേണ്ടത്. വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്ക് കാത്തിരിപ്പ് കേന്ദ്രമായി ആദ്യത്തെ മുറി ക്രമീകരിക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇവിടെ ക്രമീകരണം നടത്താൻ. രണ്ടാമത്തെ മുറിയിലായിരിക്കും വാക്സിൻ കുത്തിവയ്പ് നടത്തുക.
ഒരു സമയം ഒരാൾക്കു മാത്രമേ കുത്തിവയ്പ് നടത്താവൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലെത്തിച്ച് അര മണിക്കൂറോളം നിരീക്ഷിക്കണം. ഇതിനായി വിശാലമായ സ്ഥലം ആവശ്യമായി വരും.
അരമണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങളോ പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയാറാക്കാൻ മാർഗരേഖയിൽ നിർദേശിക്കുന്നുണ്ട്.
കമ്യൂണിറ്റി ഹാളുകൾക്കു പുറമേ താത്കാലികമായി നിർമിക്കുന്ന ടെന്റുകളും വാക്സിൻ കേന്ദ്രങ്ങളാക്കുന്നതിനെ കുറിച്ചും നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എട്ടോളം കോവിഡ് വാക്സിനുകളാണ് രാജ്യത്ത് വിവിധ ഘട്ടത്തിൽ പരീക്ഷണത്തിലുള്ളത്.
അടിയന്തര വിതരണ അനുമതി തേടി അപേക്ഷ നൽകിയ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കന്പനികളോട് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിതരാണാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കന്പനികൾ പറയുന്നു.
അമേരിക്കൻ കന്പനിയായ ഫൈസറും അടിയന്തര വിതരണാനുമതി തേടിയിട്ടുണ്ട്.