ന്യൂഡൽഹി: കോവിഡ് കേസുകളിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഇന്നലെ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 40,92,550 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 64, 01817 രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 40,91,801 രോഗികളുമായി ബ്രസീൽ മൂന്നാംസ്ഥാനത്തും.
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 166 ദിവസം പിന്നിടുന്പോഴും രോഗികളുടെ എണ്ണത്തിലുള്ള വർധന ആശങ്കപ്പെടുത്തുന്നു. ഇന്നലെ മാത്രം 86,432 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രോഗികൾ 30 ലക്ഷത്തിൽനിന്നു 40 ലക്ഷത്തിലെത്താൻ വേണ്ടിവന്നത് വെറും 13 ദിവസം.10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാകാൻ 21 ദിവസവും. രാജ്യത്ത് കോവിഡ് കേസുകൾ ഒരു ലക്ഷമാകാൻ 110 ദിവസം വേണ്ടിവന്നു.
ആകെ രോഗമുക്തർ 31,07, 223 പേരാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 20,489 കേസുകൾ റിപ്പോർട്ട് ചെയ്തു. 378 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ച 69,561 പേരിൽ 25,964 പേരും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്. അതേസമയം, മരണനിരക്ക് 1.73 ശതമാനമായി കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.