കോട്ടയം: കാലിത്തീറ്റയില്നിന്നു ഭക്ഷ്യവിഷബാധയേറ്റ മുപ്പതിൽപ്പരം പശുക്കള്‍ ചികിത്സയില്‍. പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദക സംഘത്തില്‍നിന്നു കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നല്കിയ കെഎസ് പ്രീമിയം കാലിത്തീറ്റ നല്കിയ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
രണ്ടു ദിവസം മുമ്പാണ് സംഘത്തില്‍നിന്നും 50 ചാക്ക് കാലിത്തീറ്റ അംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കിയത്.കാലിത്തീറ്റ നല്കിയ പശുക്കള്‍ക്ക് ഇന്നലെമുതല്‍ വയറിളക്കം, തളര്‍ച്ച, തീറ്റയെടുക്കാന്‍ മടി, പാല്കുറവ് എന്നിവ അനുഭവപ്പെട്ടുതുടങ്ങി.
മൃഗാശുപത്രിയില്‍നിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയെന്നാണ് പറഞ്ഞത്. കാലിത്തീറ്റ നല്കിയ എല്ലാ പശുക്കള്‍ക്കും സമാന ലക്ഷണങ്ങളോടെ വിഷബാധയേറ്റിട്ടുണ്ട്. ചില പശുക്കളുടെ നില അതീവ ഗുരുതരമാണ്.
സംഘത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന സുരേഷ് വാഴയിലിന്റെ 15 പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു.
45 ലിറ്റര്‍ പാല് ദിവസവും സൊസൈറ്റിയില്‍ അളന്നിരുന്ന സുരേഷിന് ഇന്നലെ 10 ലിറ്റര്‍ പാലാണ് ലഭിച്ചത്. 900 ലിറ്റര്‍ ദിവസവും അളക്കുന്ന സംഘത്തില്‍ 600 ലിറ്റര്‍ പാലാണ് ഇന്നലെ അളന്നത്. ഇതോടെ പ്രദേശത്ത് പാല്‍ക്ഷാമവും അനുഭവപ്പെട്ടു.
ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ കെഎസ് കാലിത്തീറ്റയില്‍നിന്നും ഉദ്യോഗസ്ഥരെത്തി കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ക്ഷീരവികസന വകുപ്പ് അധികൃതരും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
കര്‍ഷകര്‍ കാലിത്തീറ്റ സംഘത്തില്‍ മടക്കി ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. സംഘത്തില്‍നിന്നു ലഭിച്ച കാലിത്തീറ്റ പശുക്കള്‍ക്ക് നല്‍കരുതെന്ന് മൃഗസംരക്ഷണ വകുപ്പും കര്‍ഷകരെ അറിയിച്ചിട്ടുണ്ട്.
സംഘത്തില്‍ 75 ക്ഷീരകര്‍ഷകരാണുള്ളത്. കാലിത്തീറ്റ ഉത്പാദനത്തിലെ അസംസ്കൃത വസ്തുക്കള്‍ കേടായതോ പഴകിയതോ, പൂപ്പല്‍ ബാധിച്ചതോ ആകാം ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സംഘം പ്രസിഡന്റ് സജികുമാര്‍ മറ്റത്തില്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ക്ഷീര വികസനമന്ത്രി ജെ. ചിഞ്ചുറാണിയും കെ.എസ്. കാലിത്തീറ്റ അധികൃതരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പയ്യന്നൂരില്‍ കാലിത്തീറ്റയില്നിന്നു ഭക്ഷ്യവിഷബാധയേറ്റ് പശു ചത്ത വാര്‍ത്ത എത്തിയതോടെ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയിലാണ്.