ജോൺസൺ വേങ്ങത്തടം
കോട്ടയം : വിമത നീക്കം നടത്തി കോൺഗ്രസിൽനിന്നു പുറത്തുചാടിയ നേതാക്കൾക്ക് സി പി എം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുന്നതിനെതിരേ പാർട്ടി അണികളിൽ അമർഷം പുകയുന്നു.
കോൺഗ്രസ് നേതാക്കളെ സ്വീകരിക്കുമ്പോൾ തന്നെ കാലങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ അച്ചടക്ക നടപടിയിലൂടെ ഒതുക്കേണ്ടി വന്നത് വിരോധാഭാസമായി. കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കും പടല പിണക്കങ്ങളും പതിവ് കാര്യങ്ങളാണെങ്കിലും ഒരു നിശ്ചിത കാല പരിധിയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നത് നടാടെയായിരുന്നു. ഇതിനെല്ലാം കാരണമായി ഭവിച്ചത് സിപിഎമ്മിന്റെ രണ്ടാം ഭരണമാണ്.
വെറും കയ്യോടെ
പത്രസമ്മേളനങ്ങളും പ്രസ്താവനകളുമായി കളം നിറഞ്ഞ വിമത കോൺഗ്രസ് നേതാക്കൾ പക്ഷേ സിപിഎമ്മിലേക്കെത്തിയത് വെറും കൈയോടെയായിരുന്നു. കൂടെ അണികളെന്നു പറയാൻ പേരിനു പോലുമാളില്ലാതെ എത്തിയ ഈ നേതാക്കന്മാരെ സിപിഎം സ്വീകരിച്ചതാകട്ടെ ചുവപ്പ് പരവതാനി വിരിച്ചുമെന്ന ആക്ഷേപം ശക്തമാണ്.
സിപിഎമ്മിന്റെ സംഘടനാ തലത്തിൽ ഏറ്റവും ഉയർന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റംഗങ്ങളുമാണ് ഇവരെ സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നു പി.എസ്. പ്രശാന്തും കോഴിക്കോട് നിന്നു കെ.പി അനിൽകുമാറും കൊല്ലത്തുനിന്നു ജി. രതികുമാറും എറണാകുളത്തുനിന്നും എ.ബി സാബുവും ഇത്തരത്തിൽ സി പിഎം സഖാക്കളായി.
രക്ഷാധികാരി!
കോഴിക്കോട് പാർട്ടി സമ്മേളനത്തിന്റെ രക്ഷാധികാരിയായി അനിൽകുമാറിനെ നിയോഗിച്ചു കഴിഞ്ഞു. ഒറ്റയാൾ പട്ടാളമായി കോൺഗ്രസിൽനിന്നു വന്ന ഈ നേതാക്കൾക്കു സിപിഎമ്മിൽ സമാന പദവികൾ ലഭിച്ചപ്പോഴാണ് നാൽപ്പതും നാൽപ്പത്തഞ്ചും വർഷമായി സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കു കടുത്ത നടപടി നേരിടേണ്ടി വന്നത്.
സിപിഎമ്മിന്റെ വിഷമകാലത്തും ആപൽ സന്ധികളിലും ഉരുക്ക് കോട്ട കാത്തവരാണ് മെഴുക് പ്രതിമ പോലെ ഇപ്പോൾ ഉരുകിയത്.പാർട്ടിയെ സംബന്ധിച്ചു വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്ന നീതിവാക്യം ഉയർത്തിപ്പിടിച്ചെന്ന് അവകാശപ്പെടാമെങ്കിലും ഈ നേതാക്കൾക്കുണ്ടായ നടപടികൾ വരുന്ന പാർട്ടി സമ്മേളനങ്ങളിലുണ്ടാക്കുന്ന അനുരണങ്ങൾ ചില്ലറയാവില്ല.
തിരുവനന്തപുരത്തു ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.കെ മധുവിനെയും കോഴിക്കോട് അബ്ദുൾ റഹ്മാൻ എംഎൽഎയെയും എറണാകുളത്ത് സി.കെ മണിശങ്കറെയും ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തിയപ്പോൾ എറണാകുളത്ത് ജില്ലാ കമ്മിറ്റിയംഗമായ സി.എൻ. സുന്ദരനെ ഏരിയയിലേക്കാണ് താഴ്ത്തിയത്.
ഒഴിവാക്കപ്പെട്ടവർ
മുൻ എംഎൽഎ മത്തായി ചാക്കോയുടെ ഭാര്യാ സഹോദരനും എസ്എഫ് ഐ നേതാവുമായിരുന്ന കെ. ഡി വിൻസെന്റിനെ ഒഴിവാക്കുകയാണ് പാർട്ടി ചെയ്തത്. വയനാട് എൽജെഡി നേതാവ് ശ്രേയാംസ് കുമാർ തോറ്റ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രനും എറണാകുളത്ത് പെരുമ്പാവൂരിൽ എൻ.സി മോഹനനും ശാസനയാണ് ലഭിച്ചത്.
ജി. സുധാകരൻ
ആലപ്പുഴയിൽ അമ്പലപ്പുഴ പരാജയത്തിൽ നടപടി പ്രതീക്ഷിച്ച് മുൻ മന്ത്രി ജി.സുധാകരൻ നിൽക്കുകയാണ്. കൊല്ലത്തെ കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും ഒട്ടേറെ നേതാക്കളും പത്തനംതിട്ട ആറന്മുളയിൽ ഇരുന്നൂറോളം പാർട്ടിയംഗങ്ങളുമാണ് നടപടി നേരിട്ടത്.
പാർട്ടിക്കു കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാമെങ്കിലും തുടർ ഭരണം ലഭിച്ചു തിളങ്ങി നിൽക്കുന്ന സിപിഎമ്മിലേക്ക് കോൺഗ്രസിൽനിന്നും വന്ന ഓഫീസ് വർക്കർമാരായ നേതാക്കൾ പാർട്ടിക്ക് എന്തു ഗുണം ചെയ്യുമെന്നതാണ് കാലിക പ്രസക്തമായ ചോദ്യം.
ബർത്ത് തേടിവരുന്നവർക്ക്
പാർട്ടി മാറലും അച്ചടക്ക നടപടിയും തുടങ്ങി പുതിയ സംഭവ വികാസങ്ങൾ സംഘടനാപരമായി സിപിഎമ്മിനു ദോഷമാണ് സംഭവിപ്പിച്ചിരിക്കുന്നത്. ഇനി നടക്കാൻ പോകുന്ന സിപിഎം സമ്മേളനങ്ങളിൽ അണികളിൽ നിന്നും ഉണ്ടാകാൻ പോകുന്നതും ഈ ചോദ്യമായിരിക്കും.
നല്ല ബർത്ത് തേടി വരുന്ന ഒറ്റയാൾ നേതാക്കളെ പാർട്ടിക്ക് ആവശ്യമുണ്ടോ ? എന്തെന്നാൽ മുൻപ് കണ്ണൂരിൽ ബിജെപി നേതാവായിരുന്ന ഒ.കെ. വാസു സിപിഎമ്മിലേക്ക്, വന്നപ്പോൾ പ്രതിഫലമായി പാർട്ടി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റുമാക്കി. ഇതിൽ പാർട്ടിക്ക് എന്തു നേട്ടമുണ്ടായെന്ന ചോദ്യം? അതു തന്നെയായിരിക്കും പാർട്ടി സമ്മേളനങ്ങളിൽ ആവർത്തിക്കാനിടയുള്ള ചോദ്യവും.