കൊല്ലം: കൈവിട്ട് പോയ കൊല്ലം പാർലമെന്റ് സീറ്റ് തിരികെ പിടിക്കാൻ സിപിഎം. അതിന് പറ്റിയ സ്ഥാനാർഥികളെ തെരയുന്ന തിരക്കിലാണ് പാർട്ടി. ഇക്കുറി ഒരു അജണ്ട മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ, ഏത് വിധേനെയും വിജയം ഉറപ്പാക്കണം. ഇതിനായി ജില്ലാ നേതൃത്വത്തിൽ ചില അനൗദ്യോഗിക പർച്ചകൾ പലകുറി നടന്നു. ചില പേരുകൾ സജീവ പരിഗണനയിലാണ്. 16- ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ചയാകും.
മുൻ എംപിമാരായ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജും പരിഗണനാ പട്ടികയിൽ ഉണ്ട്. സുരേഷ് കുറുപ്പ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിനായിരിക്കും പ്രഥമ പരിഗണന.
സിറ്റിംഗ് എംഎൽഎമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ പി. അയിഷാ പോറ്റി എന്നിവരെയും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ നീക്കത്തിന് പാർട്ടിക്കുള്ളിൽ നിന്ന് പൂർണ പിന്തുണ ലഭിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
പൊതു സമ്മതനും പുതുമുഖവുമായ സ്വതന്ത്രനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
യുഡിഎഫിൽ മൂന്നാം തവണയും ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ തന്നെയാണ് സ്ഥാനാർഥിയെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം വന്നാൽ മതി.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എൻ. ബാലഗോപാലിനെയുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രേമചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. അത് കൊണ്ടുതന്നെ പ്രേമചന്ദ്രന്റെ ഹാട്രിക് സ്വപ്നത്തിന് തടയിടാൻ സിപിഎം ഇക്കുറി എല്ലാ അടവുനയങ്ങളും പുറത്തിറക്കും എന്ന കാര്യം ഉറപ്പാണ്.
സ്ഥാനാർഥി ആരായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും സംഘടനാ തലത്തിൽ കൊല്ലത്ത് സിപിഎം തെരഞ്ഞെടുപ്പിന് സജ്ജമായിക്കഴിഞ്ഞു. ജില്ലാ തലത്തിലും മണ്ഡലം തലത്തിലുമുള്ള ശിൽപ്പശാലകൾ രണ്ടാഴ്ച മുമ്പ് പൂർത്തിയായി. എൽഡിഎഫിലും അതിനുള്ള ഏകോപന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
എൻഡിഎയിൽ കൊല്ലത്ത് ആര് മത്സരിക്കും എന്ന കാര്യം വ്യക്തമല്ല. ബിജെപിക്കാണ് സീറ്റെങ്കിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ എന്നിവരെയാകും പരിഗണിക്കുക. കൊല്ലത്ത് ബിജെപിയിൽ വിഭാഗീയത രൂക്ഷമാണ്. അത് പരിഹരിക്കുന്നതിന്റെ ഭാഗമായി മറ്റുള്ളവരെയും പരിഗണിക്കേണ്ടി വന്നേക്കാം. ബിഡിജെഎസും കൊല്ലം സീറ്റിന് അവകാശവാദം ഉന്നയിക്കുമെന്നും സൂചനയുണ്ട്.
എസ്.ആർ. സുധീർ കുമാർ