സ്വന്തം ലേഖകന്‍
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തും കുറ്റ്യാടിയില്‍ എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചതിന് പിന്നാലെ കോഴിക്കോട് നോര്‍ത്തിലും ഹിതപരിശോധനയുമായി സിപിഎം.
എല്‍ഡിഎഫിന് സീറ്റുകള്‍ നഷ്ടപ്പെട്ട വടകരയിലും കൊടുവള്ളിയിലും വരെ വോട്ട് കൂടിയപ്പോള്‍ സിറ്റിംഗ് സീറ്റായ കോഴിക്കോട് നോര്‍ത്തില്‍ വോട്ട് കുറഞ്ഞതാണ് സിപിഎം പരിശോധിക്കുന്നത്.
തെരഞ്ഞെടുപ്പ് മേഖലാ കമ്മിറ്റികള്‍ ഇതിനകം റിവ്യൂ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന കമ്മറ്റിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
ലോക്കല്‍ , ഏരിയാ, ജില്ലാകമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
ഈ റിപ്പോര്‍ട്ട് ജില്ലാകമ്മറ്റി ജില്ലാസെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കും. സിപിഎം തയാറാക്കിയ കണക്കുകളില്‍ നോര്‍ത്ത് മണ്ഡലത്തിലെ വോട്ടില്‍ വലിയ വ്യത്യാസമാണുള്ളത്.
ബൂത്തുകളിൽ സംഭവിച്ചത്
ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ചില ബൂത്തുകളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു.
2016 ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാറിന് ആകെ 64,192 വോട്ടായിരുന്നു ലഭിച്ചത്.
എന്നാല്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഇത്തവണ 59,124 വോട്ട് മാത്രമാണ് നേടാനായത്. 5,068 വോട്ടാണ് ഇത്തവണ കുറഞ്ഞത്.
സിപിഎം അനുഭാവികളുടേതുള്പ്പെടെയുള്ള കുടുംബങ്ങളില്‍ നിന്ന് പുതിയ വോട്ടര്‍മാര്‍ കൂടി ഇത്തവണ തെരഞ്ഞെടുപ്പിന് വിധിയെഴുതിയ സാഹചര്യത്തിലാണ് വോട്ട്ചോര്ച്ചയുണ്ടായതെന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
സംസ്ഥാന ഭാരവാഹി മത്സരിച്ചെങ്കിലും ബിജെപിയ്ക്ക് പോലും വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. അതേസമയം യുഡിഎഫ് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.
വോട്ട് ചോര്‍ച്ച സംബന്ധിച്ച് ഹിത പരിശോധന നടത്താന്‍ നോര്‍ത്ത് ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ടേം നിബന്ധനയില്‍ മത്സരരംഗത്തുനിന്നൊഴിവായ എ. പ്രദീപ്കുമാറിന് പകരം ആദ്യം സംവിധായകന് രഞ്ജിത്തിനെയായിരുന്നു പരിഗണിച്ചത്.
എന്നാല്‍ ചര്‍ച്ച തുടങ്ങും മുമ്പേ തന്നെ ഇത് ഏറെ വിവാദമായി. പിന്നീടാണ് തോട്ടത്തില്‍ രവീന്ദ്രന്റെ പേര് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചത്.
മണ്ഡലത്തില്‍ ശ്രദ്ദേയവ്യക്തിത്വമായിരുന്ന പ്രദീപ് കുമാറിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെ വിയോജിപ്പുണ്ടായിരുന്നു.
ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. അതേസമയം തിരുവമ്പാടിയിലും സിപിഎം നടപടിയുമായി എത്തുമെന്നാണ് വിവരം.
ഏരിയ കമ്മിറ്റി അംഗം തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ലെന്നാണ് ആരോപണം. ശക്തമായ പോരാട്ടം നടന്ന തിരുവമ്പാടിയില്‍ 4,643 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലിന്റോ ജോസഫ് ജയിച്ചിരുന്നു.
ഇത് പാര്‍ട്ടി നയങ്ങള്‍ക്കും നിലപാടിനുമെതിരാണ്. വിഷയത്തില്‍ ഏരിയ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടിയതായാണ് വിവരം.