കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുന്പനം തൃക്കതൃ മഠത്തിപ്പറന്പിൽ അഖിൽ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ആക്രമണത്തിനുശേഷം സമീപത്തെ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്മിണിക്കും പരിക്കേറ്റിരുന്നു.
രണ്ടു വർഷം മുന്പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമൽ. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്.
മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.