സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മയെ കൂടാതെ അമ്മയുടെ സഹോദരിക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ.
ഇതെ തുടർന്ന് സഹോദരിയെ ചോദ്യം ചെയ്തെങ്കിലും അവർ കുറ്റം നിഷേധിച്ചു. എലപ്പുള്ളി ചുട്ടിപ്പാറ മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവിനെയാണ് മാതാവിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിൽ അമ്മ ആസിയയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച് ഷാനുവിന്റെ മരണം കൊലപാതകം തന്നെയാണെന്നാണ്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.
കാമുകൻ അറിയാതിരിക്കാൻ കൊലപാതകം
തനിക്ക് കുട്ടിയുണ്ടെന്ന് കാമുകൻ അറിയാതിരിക്കാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
ആസിയ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ട്.
കുട്ടിയുടെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറഞ്ഞു.
എന്നാൽ ആസിയയുടെ സഹോദരി ആജിറ ഇത് നിഷേധിച്ചു. ആസിയക്ക് കുട്ടിയെ വളർത്താൻ താത്പര്യമില്ലായിരുന്നെങ്കിൽ താൻ വളർത്തിയേനെയെന്നും കാമുകനൊപ്പം പോകാൻ തന്നെയാണ് ആസിയ കുട്ടിയെ കൊന്നതെന്നും ആജിറയും പറയുന്നു.
അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടതോടെയാണ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തത്.
ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല.