നെടുമ്പാശേരി: വാപ്പാലശേരിയിൽ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയത് സുഹൃത്തുക്കൾ. ചെറിയ വാപ്പാലശേരിയിൽ ഒറീസ ബാലകുട സ്വദേശി ചോട്ടുവെന്ന് വിളിക്കുന്ന ശ്രീധർ ബി. ഇഷോയ് (25)ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ സുഹൃത്തുക്കളും ഒറീസ സ്വദേശികളുമായ ചഗല സുമൽ (26), ആഷിഷ് ബഹുയി (26) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പ്രതികൾ ശ്രീധറിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പൊതിഞ്ഞ് തൊട്ടടുത്ത റയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ ദുർഗാ ദേവി ക്ഷേത്രത്തിനു സമീപം റെയിൽവേ പാളത്തിൽ കാൽനട യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴുത്തും ഉടലും വേർപെട്ട നിലയിലായിരുന്നു.
കൊല്ലപ്പെട്ട ശ്രീധറും പ്രതികളും ഒരുമിച്ചാണ് താമസം. വാപ്പാലശേരിയിലെ ഒരു കാർട്ടൺ കമ്പനിയിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്.
ജോലിക്കിടയിൽ ഇവർ തമ്മിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. മറ്റു തൊഴിലാളികൾ ഇടപെട്ടാണ് അത് പരിഹരിച്ചത്. എന്നാൽ രാത്രി മദ്യപിച്ചശേഷം വീണ്ടും ബഹളം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇടുകയായിരുന്നു. ട്രെയിൻ കയറിയിറങ്ങി മൃതദേഹം ഛിന്നഭിന്നമായി.
രാത്രി പന്ത്രണ്ടോടെ ശ്രീധർ ഫോൺ ചെയ്ത് പുറത്തേക്കു പോകുന്നതു കണ്ടെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് പ്രതികൾ ആദ്യം പോലീസിനോടു പറഞ്ഞത്. തുടർന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഏതാനും മാസങ്ങൾക്കു മുമ്പ് ശ്രീധർ തന്നെയാണ് നാട്ടിൽനിന്ന് ഇവർ രണ്ടു പേരെയും ജോലിക്കായി കൊണ്ടുവന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് റൂറൽ പോലീസിന്റെ നേട്ടമായി.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.ആർ മധു ബാബു, എസ്ഐമാരായ വന്ദന കൃഷ്ണ, എ.കെ ബഷീർ, എഎസ്ഐ വി.എസ് പ്രമോദ്, സിപിഒ മാരായ കെ.കെ രാജേഷ്, എൻ.ജി ജിസ്മോൻ, ദിലീപ് കുമാർ, എം.ആർ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.