കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഹർജിക്കാരനോട് പിഴയായി 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ട് ശേഖരണവും വിനിയോഗവും നിരീക്ഷിക്കാൻ ഒരു സംവിധാനവുമില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും ബോധ്യപ്പെടുത്തി.