
പറവൂർ: ലോക്ക് ഡൗണിൽ റേഷൻ കടകൾ വഴി 650 രൂപയുടെ ഭക്ഷധാന്യ കിറ്റുകൾ നൽകി ജനങ്ങളെ സഹായിക്കുന്നതായി ഭാവിച്ച സർക്കാർ വൈദ്യുതി ബിൽ ഇനത്തിൽ അതിലിരട്ടിയും നാലിരട്ടിയുമായി തിരികെവാങ്ങി കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വി.ഡി. സതീശൻ എംഎൽഎ.
ഈ പകൽകൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ പ്രശ്ന പരിഹാരം കാണുംവരെ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും എംഎൽഎ പറഞ്ഞു.
അമിതചാർജ് ഈടാക്കുന്ന കെഎസ്ഇബി നടപടിക്കെതിരായി കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ദം കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. മണ്ഡലം പ്രസിഡന്റ് എ.എം. അലി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഡിസിസി സെക്രട്ടറി കെ.വി. പോൾ, വി.ഐ. കരീം, പി.എ.സക്കീർ, ടി.എ. നവാസ്, കെ.ആർ.നന്ദകുമാർ, കെ.എ. ജോസഫ്, കെ.എം. ലൈജു, ടി.എ. മുജീബ്, എ.എ. അൻസാരി എന്നിവർ പ്രസംഗിച്ചു.