കൊച്ചി: സര്‍ക്കാരിന്റെ സെക്രട്ടേറിയറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഓഫീസിനെ നിയന്ത്രിക്കുന്ന പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച ഹാജരാകണെന്നാവശ്യപ്പെട്ടു പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനു കസ്റ്റംസ് നോട്ടീസ് നല്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
അസി. പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ് പ്രവര്‍ത്തിക്കുക.
സര്‍ക്കാരിലെ ഉന്നതരുടെ എല്ലാ തരത്തിലുള്ള യാത്രകളും താമസവും ഈ വകുപ്പിലൂടെയാണ് നടക്കുക.വിവാദമായ സ്വര്‍ണക്കടത്ത് സംബന്ധിച്ച ഫയലുകളുടെ രേഖകള്‍ ഇവിടെ രേഖപ്പെടുത്തപ്പെടുന്നുണ്ട്.
നയതന്ത്ര ബാഗേജുകളുടേയും മറ്റു പാഴ്സലുകളുടേയും ക്ലിയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യ സ്വഭാവമുള്ള മറ്റു ഫയലുകളും എല്ലാം സംബന്ധിച്ചു അറിവുള്ള ആളാണ് പ്രോട്ടോകോള്‍ ഓഫീസര്‍.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇവിടെനിന്ന് വിവരങ്ങള്‍ തേടിയിരുന്നു. എന്‍ഐഎ പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സ്പീക്കറിന്റെയും മറ്റു പ്രമുഖരുടെയും വിദേശയാത്ര സംബന്ധിച്ചും പാഴ്സല്‍ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഡോളര്‍ കടത്തില്‍ സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന നിര്‍ണായക വിവരങ്ങളില്‍ കൃത്യത വരുത്തുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.