മാണ്ഡ്യ(കർണാടക): മാണ്ഡ്യയിൽ ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്കു പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്നു വൻ സംഘർഷം.
സംഘർഷത്തെത്തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം മേല്ജാതിക്കാര് നീക്കം ചെയ്തു. ക്ഷേത്രപ്രവേശനത്തിനു ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിനു പിന്നാലെയാണു സംഘര്‍ഷം ഉടലെടുത്തത്. മേല്‍ജാതിക്കാരായ ഗൗഡ വിഭാഗത്തിലുള്ളവരാണു സംഘർഷത്തിനു പിന്നിൽ. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്നു വര്‍ഷം മുമ്പാണു പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു.
ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തുകയും അനുമതി നൽകുകയും ചെയ്തത്. മേല്‍ജാതിക്കാരുടെ എതിർപ്പിനെ അവഗണിച്ച് ഞായറാഴ്ച പോലീസ് സംരക്ഷണത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതില്‍ പ്രകോപിതരായ മേല്ജാതിക്കാര് ക്ഷേത്രത്തിലെ വിഗ്രഹം നീക്കം ചെയ്യുകയായിരുന്നു.