കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യും. എൻ.എം. വിജയൻ സുധാകരന് കത്തെഴുതിയിരുന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക.
എന്ന് ചോദ്യം ചെയ്യുമെന്നതിൽ വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രേരണാകുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും.
മൂന്നുപേര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. എൻ.എം. വിജയന്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ നിലപാട് മയപ്പെടുത്തിയിരുന്നു.