കോഴിക്കോട്: മൃതദേഹം ആളുമാറി സംസ്കരിക്കുക, മരിച്ചെന്നുകരുതിയ ആള് ഒടുവില്‍ ജീവനോടെ തിരികേ വരിക… ഇതിനിടയില്‍ പോലീസിനെ കുഴക്കിയ സ്വര്ണകടത്തുകേസും.
സിനിമാകഥകളില്‍ മാത്രം കണ്ടിട്ടുള്ള ട്വിസ്റ്റുകളാണ് കോഴിക്കോട് ഉണ്ടായത്. ഏറ്റവും ഒടുവില്‍ മരിച്ചുവെന്ന് കരുതി ‘സംസ്കാരം’ വരെ കഴിഞ്ഞ ആള് ഇന്നലെ വീട്ടില്‍ തിരിച്ചെത്തി.
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി വീട്ടില്‍നിന്ന് വിസയുടെ ആവശ്യത്തിനെന്നു പറഞ്ഞ് ദീപക് എറണാകുളത്തേക്ക് പോയത്. നേരെ ഗോവയിലേക്കായിരുന്നു യാത്ര.
അവിടെവച്ച് മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു. പുതിയ ഫോണ്‍ വാങ്ങാനൊന്നും ശ്രമിച്ചില്ല. ഇത് ഗോവയില്‍ ദീപക്കിന്റെ കഥ.
നാട്ടിലുണ്ടായതോ…
ദീപക്കിനെ 2022 ജൂണ്‍ ഏഴിനാണ് നാട്ടില്‍നിന്നു കാണാതായത്. ജൂലൈ 17-ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണിച്ച മൃതദേഹത്തിന് ദീപക്കിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാൽ ബന്ധുക്കള്‍ സംസ്കരിച്ചു.
എങ്കിലുംഡിഎന്എ പരിശോധനയ്ക്കു വേണ്ടി മൃതദേഹത്തില്‍നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണു സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്.
ഡിഎന്‍എ പരിശോധനാഫലം വന്നതോടെ ദീപക്കിന്റേതെന്നു കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്നു വ്യക്തമായി.
ദീപക്കിനെ കണ്ടെത്താൻ മേപ്പയ്യൂര്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. തുടർന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല.
ഇതിനിടെ കുടുംബം അഭിഭാഷകനായ പ്രിയേഷ് കുമാർ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
“സംസ്കാരം’ ദീപക് അറിഞ്ഞു…
നാട്ടില്‍ തന്റെ മൃതദേഹം സംസ്കരിച്ചവിവരം ദീപക് അറിഞ്ഞിരുന്നു. ദീപക് ഗോവയില്‍ വച്ച് പോലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞിതങ്ങനെ: പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയായിരുന്നു യാത്ര. പഞ്ചാബിലെ അമൃത്സറിലും കശ്മീരിലെ ലഡാക്കിലുമടക്കം ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും കറങ്ങി ഒടുവില്‍ ഗോവയില്‍ത്തന്നെ തിരിച്ചെത്തി.
അവിടെ ഒരു ഹോട്ടലില്‍ പണിയും നോക്കി. നാട്ടിലേക്കൊന്നു പോകണമെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അമ്മയുടെ ഫോണ്‍നമ്പറാണ് കാണാതെ അറിയാമായിരുന്നത്. കഴിഞ്ഞദിവസം ടാക്സി ഡ്രൈവറുടെ ഫോണ്‍ വാങ്ങി അതില്‍ അമ്മയെ വിളിച്ചുനോക്കുകയായിരുന്നു.
ഉടന്‍ വരാമെന്നു വീട്ടുകാരോടു പറഞ്ഞെങ്കിലും പെട്ടെന്നു നാട്ടിലേക്കു പോകാന്‍ തീരുമാനമില്ലെന്നാണ് പോലീസുകാര്‍ക്ക് മനസിലായത്. മുമ്പ് ഒന്നിലധികം തവണ ദീപക് നാട്ടില്‍നിന്ന് ഇങ്ങനെ പോയിരുന്നു.
എന്നാല്‍, എട്ടുമാസത്തോളം കാണാമറയത്ത് കഴിഞ്ഞത് ആദ്യമായാണ്. ദീപക്കിന്റെ പാസ്പോര്‍ട്ട് വീട്ടില്‍ത്തന്നെയാണുള്ളത്.
അതിനാല്‍,രാജ്യത്തിനകത്തുതന്നെയുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ദിപക്കിനെ സ്വന്തം നാട്ടില്‍ എത്തിച്ചത്.
ഇര്‍ഷാദിന്റെ കുടുംബം നിയമപോരാട്ടത്തിന്…
പന്തിരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കാണാതായ ദീപക്കിന്റെതെന്നു കരുതി സംസ്കരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ഇർഷാദിന്റെ കുടുംബം.
ഡിഎൻഎ പരിശോധന ഫലം ലഭിക്കും മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് രക്ഷപെടാൻ സാവകാശം കിട്ടിയെന്നും പിതാവ് നാസർ ആരോപിച്ചു. ഈ കാര്യം ചൂണ്ടി കാട്ടി റൂറൽ എസ്പിക്കു പരാതി നൽകി.
ഇർഷാദിന്റെ കൊലപാത കേസ് സിബിഐക്കു വിടണമെന്നും നാസർ ആവശ്യപ്പെട്ടു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്തു സംഘ തലവൻ സ്വാലിഹ് ഉൾപ്പെടെ മൂന്നു പ്രതികള്‍ ഇപ്പോഴും കാണാമറയത്താണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.