വടി കൊടുത്ത് അടി മേടിക്കുകയെന്നു കേട്ടിട്ടില്ലേ, ഏതാണ്ട് സമാനമായ ഒരു അവസ്ഥയിലാണ് നടി ജൂഹി ചൗള ഇപ്പോള്‍. രാജ്യത്ത് 5ജി നെറ്റ് വര്‍ക്ക് വരുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചാണ് നടി പണി വാങ്ങിച്ചത്.
കോടതി നടിയുടെ ഹര്‍ജി തള്ളിയെന്നു മാത്രമല്ല 20 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് വിധിക്കുകയും ചെയ്തു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു.
നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.
5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന് വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ നിരവധി സെലിബ്രിറ്റികള്‍ ഇത്തരം പ്രചരണങ്ങളുമായി മുമ്പോട്ടു പോകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. കോടതിയില്‍ ഹര്‍ജി നല്കി പണി വാങ്ങിക്കാനുള്ള യോഗം ഉണ്ടായത് ജൂഹി ചൗളയ്ക്കായിരുന്നുവെന്നു മാത്രം.
സാമൂഹ്യ മാധ്യമങ്ങളിലെല്ലാം നടിയെ ട്രോളിക്കൊണ്ടുള്ള മെമുകളുടെ ബഹളമാണ്. 5ജി ഉപയോഗിക്കാതെ 5ജിയ്ക്കായി 20 ലക്ഷം മുടക്കിയ ആദ്യ ഇന്ത്യന്‍ എന്നൊക്കെപ്പോകുന്നു ട്രോളുകള്‍.