പത്തനംതിട്ട: ഡല്‍ഹിയിലെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷയില്ലാതെ കോവിഡ് രോഗികള്‍ക്കിടെയില്‍ ജോലി ചെയ്യാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
നഴ്സുമാര്‍ക്ക് പരിമിതമായ സൗകര്യം മാത്രമാണുള്ളത്. മാസ്കുകളോ പിപിഇ കിറ്റുകളോ ലഭിക്കാറില്ലെന്നാണ് ആരോപണം. ജോലി നഷ്ടപ്പെടുമെന്നുള്ള ഭീഷണിയുടെ നടുവിലാണ് വേണ്ടത്ര സുരക്ഷയില്ലാതെ ഇവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നതെന്ന് എംപി പറഞ്ഞു.
ഡല്‍ഹി കല്‍റാ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരിക്കെ കോവിഡ് ബാധിച്ചു മരിച്ച നഴ്സ് പത്തനംതിട്ട വി.കോട്ടയം സ്വദേശി അംബികയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന
ഒരുകോടി രൂപയുടെ നഷ്ടപരിഹാരവും വൈകാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനോടും രേഖാമൂലം ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.