കൊല്ലം: ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ പറഞ്ഞു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയാണ്.
കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പോലീസിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്.
മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.
കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.