കൊച്ചി: കോമഡി രംഗത്തെ ഉറ്റ ചങ്ങാതിമാരായ ധര്‍മജനും പിഷാരടിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകൾ സജീവമാകുകയാണ്.
മത്സരിക്കില്ലെന്നു പിഷാരടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി ആലോചനകളാണു നടക്കുന്നത്.
ചിലരെ തടയാനുംകൂടി ലക്ഷ്യമിടുന്ന ഈ നീക്കത്തില്‍ ഇരുവര്‍ക്കും മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്ന വിശ്വാസമാണു ചില നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.
ഇരുവരെയും അടുത്തടുത്ത മണ്ഡലമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കണമെന്നാണത്രേ ചിലരുടെ നിര്‍ദേശം.
20 ട്വന്റിക്ക് ഏറെ വേരോട്ടമുളള കുന്നത്തുനാട് മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മജനെപ്പോലൊരാള്‍ വേണമെന്നാണ് അദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
ഇത്തവണ 20-ട്വന്റി മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയേണ്ടിയിരിക്കുന്നതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്ടെ ബാലുശേരിയില്‍ ധര്മജനാകും സ്ഥാനാര്‍ഥിയെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടയിലാണു ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുള്ളതായ വിവരങ്ങളും പുറത്തുവരുന്നത്.
കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും ഇത്തവണ സ്ഥാനാര്‍ഥിയാകില്ലെന്നു ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു.
പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണു സൂചന.കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.
സിപിഎമ്മിനായി എം. സ്വരാജാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്കു തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍, കൂടുതല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ നിലവിലെ എറണാകുളം ജില്ലയിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് എന്താകും സ്ഥിതിയെന്നു കണക്കുകൂട്ടുക ദുഷ്കരമാണ്.