കോഴിക്കോട്: പറയാന്‍ പതിവുപോലെ നഷ്ട കണക്കുകളാണുള്ളതെങ്കിലുംപ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിടര്‍ത്തിയാണ് മലയാള സിനിമയിലെ 2023 കാലം വിടപറയുന്നത്. പേരെടുത്ത താര സംവിധായകരുടെ മക്കൾ സംവിധായകരായി അരങ്ങേറ്റം കുറിച്ച വർഷമാണ് 2023.
അതുതന്നെയാണ് 2023 ന്റെ പ്രത്യേകതയുംമലയാളത്തിലെ ക്ലാസിക് സിനിമകളൊരുക്കിയവരുടെ രണ്ടാം തലമുറക്കാർ പുതിയ പരീക്ഷണങ്ങളുമായി എത്തിയതിനെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.പ്രിയ സംവിധായകരുടെ മക്കള്‍ അണിയറയ്ക്ക് പിന്നില്‍ നില്ക്കുമ്പോള് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.
മമ്മൂട്ടിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. പുതിയ കഥകളുമായി തന്നിലേക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ സന്തോഷമേയുള്ളൂവെന്നാണ് നേരിന്റെ പ്രമോഷന് ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇതും പുതിയ സംവിധായകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 2023-ല്‍ മലയാളത്തില്‍ തുടക്കം കുറിച്ച പ്രമുഖ സംവിധായകരുടെമക്കള് ആരെല്ലാമെന്ന് നോക്കാം.
ഹിറ്റ് മേക്കറുടെ മകന്
ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’ 2023ലെ ഏറ്റവും ഹൈപ്പുള്ള മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മാസ് എന്റർടെയ്നറായി തിയറ്ററുകളില്‍ എത്തിയ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വലിയ ഹൈപ്പും പ്രതീക്ഷകളുമായി ഓണം റിലീസായ ദുൽഖർ സൽമാൻ ചിത്രം പക്ഷേ തിയേറ്ററുകളിൽ പ്രേക്ഷകരെ നിരാശപ്പെടുത്തി.
അപ്പോഴും ചിത്രം നേടിയ ഇനീഷ്യല്‍ കളക്ഷനും പ്രീ ബിസിനസും മലയാള സിനിമയെ വലിയ തലത്തിലേക്ക് കൊണ്ടുപോയി. ഏതൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തേക്കാളും ആദ്യ ദിന കളക്ഷനില്‍ ഈ വര്‍ഷം മുന്നില്‍ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ സ്ഥാനം.
നാട്ടുമ്പുറത്തെ പിന്മുറക്കാരന് ഗ്രാമീണ പശ്ചാത്തലത്തില്‍ കഥകള്‍ പറഞ്ഞ് കയ്യടി നേടാറുള്ള സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സ്വതന്ത്ര സംവിധായകനായ ‘പാച്ചുവും അത്ഭുതവിളക്കും’ ഈ വര്‍ഷത്തെ എണ്ണം പറഞ്ഞ ഹിറ്റുകളിലൊന്നാണ്.
സത്യൻ അന്തിക്കാട് സിനിമകളുടെ പാറ്റേൺ പിന്തുടർന്ന് ഫാമിലി ഡ്രാമ ഴോണറിൽ ഒരുങ്ങിയ ചിത്രം ‘ഫീൽ ഗുഡ്’ എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. ഫഹദ് ഫാസിൽ നായകനായ ചിത്രം മോശമല്ലാത്ത ബോക്സ് ഓഫീസ് കളക്ഷനൊപ്പം ഒടിടി റൈറ്റ്സിലും പണം നേടി. അടുത്ത ചിത്രവുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് ഇദ്ദേഹമെന്നാണ് അറിയുന്നത്.
ത്രില്ലടിപ്പിക്കാന്‍ ബസൂക്കയും ഡിനോ ഡെന്നീസും
2023ൽ ചിത്രീകരണം ആരംഭിച്ച് 2024ൽ റിലീസ് പ്രതീക്ഷിക്കുന്ന രണ്ട് ചിത്രങ്ങളും അണിയറയിലുണ്ട്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. ഏറ്റവും സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച സിനിമയുടെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. മാസ് ആക്ഷൻ രംഗങ്ങൾ സിനിമ നൽകും എന്ന സൂചനയും മമ്മൂട്ടിയുടെ ചിത്രങ്ങൾ നൽകി. ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, ഭാമ, ഗായത്രി അയ്യർ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.
ഷാജി കൈലാസിന്റെ മകൻ വരുന്നു
സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും അണിയറയിലാണ്. ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ സിജു വിൽസൻ ആണ് നായക വേഷത്തിലെത്തുന്നത്.
സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ, കാവ്യ ഷെട്ടി, രഞ്ജി പണിക്കർ തുടങ്ങിയവർ താരനിരയിലുണ്ട്. 2024ലാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം ഷാജി കൈലാസ് മോഹന്‍ലാലിനെ വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത എലോണ്‍ തിയറ്ററുകളില്‍ പരാജയമായിരുന്നു.