തെലങ്കാനയിലെ അദിലാബാദിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സേവനത്തിൽ നിന്നും വിരമിക്കുന്ന പോലീസ് നായയ്ക്ക് നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.
സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ താര എന്ന ഗോൾഡൻ റിട്രീവർ 12 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ചടങ്ങിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
താരയെ ഹാരമണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യം ഒരു ഷാൾ നായയുടെ മേൽ പൊതിഞ്ഞു പിന്നാലെ മാലകളും അണിയിച്ച് അവളെ ആദരിച്ചു. പോലീസ് സംഘത്തിൻ്റെ ആർപ്പുവിളിയും കരഘോഷവും കൂടെ ആയപ്പോൾ അന്തരീക്ഷം തന്നെ മാറി.
‘ആദിലാബാദിലെ ഡോഗ് സ്ക്വാഡിലെ അംഗവും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധയുമായ താരയുടെ വിരമിക്കൽ ചടങ്ങ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കിട്ടിരിക്കുന്നത്.
2013 ജനുവരി 22 ന് ജനിച്ച താര, തെലങ്കാനയിലെ മൊയ്നാബാദിലുള്ള ഇന്റഗ്രേറ്റഡ് ഇന്റലിജൻസ് ട്രെയിനിംഗ് അക്കാദമിയിൽ (ഐഐടിഎ) പരിശീലനം നേടിയ ഒരു വിദഗ്ധ സ്ഫോടകവസ്തു ഡിറ്റക്ടറായാണ് സർവീസ് ആരംഭിച്ചത്. പിന്നീട് അദിലാബാദിൽ സ്ഥിരതാമസമാക്കുകയും അവിടെ വർഷങ്ങളോളം താര സേവനമനുഷ്ഠിക്കുകയും ചെയ്തു.
വിരമിക്കൽ ചടങ്ങിൽ പോലീസ് സൂപ്രണ്ട് ഗൗഷ് ആലം താരയെ പുഷ്പങ്ങൾ നൽകി ആദരിച്ചു. താര നൽകിയ അമൂല്യമായ സംഭാവനകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
Retirement ceremony of Tara, a member of Adilabad's dog squad and an expert in detecting explosives. She belongs to the Labrador Retriever family and served the dept for 11 years.#Telangana #PoliceDog #K9Unit@TOIHyderabad @adilabad_sp @TelanganaDGP @revan pic.twitter.com/5VbJWS0hLC
— Pinto Deepak (@PintodeepakD) June 19, 2024