തലശേരി: ക്രിക്കറ്റ് കളിയിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി.
തലശേരി പ്രസ് ഫോറവും ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും ഒരുക്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബിനീഷ്.
മിക്ക ജില്ലകളിലും സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇത്രയും കളിസ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാവാൻ കാരണം ഇ.പി. ജയരാജൻ എന്ന കായികമന്ത്രിയാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണം. കെസിഎയുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഈ ഭരണ സമിതിയുടെ നാളുകളിൽതന്നെ ഉണ്ടാവും.
മിക്കവാറും അത് കൊച്ചിയിൽ തന്നെയാവും അത് സ്ഥാപിക്കുക. രഞ്ജി ട്രോഫി മത്സരങ്ങൾ കേരളത്തിൽ വരാൻ മടിക്കുന്നത് ഫൈവ് സ്റ്റാർ ഫെസിലിറ്റിയുള്ള താമസ സ്ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കാത്തതിനാലാണെന്നും ബിനീഷ് പറഞ്ഞു.