പൊതുവേ ദോശ പ്രേമികളായിരിക്കും മലയാളികൾ. നല്ല ദോശ കഴിക്കണമെങ്കിൽ കേരളത്തിലോ തമിഴ്നാട്ടിലോ പോകണമെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാൽ, മലേഷ്യയിലും നല്ല അടിപൊളി ദോശ കിട്ടുമെന്നാണ് ഇപ്പോൾ ആളുകളുടെ സംസാരം. അവിടുത്തെ ഒരു ദോശയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ’ എന്ന് ചോദിച്ചുകൊണ്ട് christianbrucki and amazing_kualalumpur എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദോശ കണ്ട് ആളുകൾ അന്പരന്നു പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ചിലർ ദോശ തൊട്ടു നോക്കുന്നു. മറ്റു ചിലർ ഫോട്ടോയും വീഡിയോയും പകർത്തുന്നു. എന്തായാലും അതിശയത്തോടെയാണ് എല്ലാവരും അതിനെ നോക്കി കാണുന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ‘തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ വരൂ, ഇതിനേക്കാൾ വലിയ ദോശ കാണിച്ചുതരാം’ എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.