ന്യൂഡൽഹി: ആഗ്രയിൽ വനിതാ ഡോക്ടറെ കഴുത്തു മുറിച്ചു കൊന്നു. കേബിൾ ടിവി മെക്കാനിക് എന്ന വ്യാജേന വീട്ടിൽ കയറിയ യുവാവാണ് പട്ടാപ്പകൽ ഡോക്ടറെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
മുപ്പത്തെട്ടുകാരിയായ ഡോ. നിഷ സിംഗാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അമ്മയെ അക്രമി കൊലപ്പെടുത്തുന്പോൾ അതറിയാതെ തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്നു നിഷയുടെ എട്ടു വയസും നാലു വയസുമുള്ള കുട്ടികൾ.
നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. നിഷയുടെ ഭർത്താവ് അജയ് സിംഗാളും ഡോക്ടറാണ്.
ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം വിവരമറിഞ്ഞ് വീട്ടിലെത്തി. നിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ശുഭം പഥക് എന്ന യുവാവാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടെത്തി.
ഇയാളെ ഇന്നലെ പുലർച്ചെയോടെ പിടികൂടി. കൊള്ളയടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇയാൾ ഡോക്ടറുടെ വീട്ടിൽ കയറിയതെന്നാണു പോലീസിനോട് പറഞ്ഞത്.