റാന്നി : നാട്ടിൻ പുറത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പുതു ചരിതം രചിച്ച് ജോസഫും കുടുംബവും. ഒന്നും രണ്ടുമല്ല അഞ്ച് ഏക്കറിലാണ് ഈ വിദേശപഴത്തിന്റെ കൃഷി.
വെച്ചൂച്ചിറ റോഡിൽ അത്തിക്കയത്തിനും മടന്തമണ്ണിനുമിടയിൽ വനത്തും മുറിയിലാണ് ഈ വെസ്റ്റേൺ മോഡൽ പഴ തോട്ടം.
റാന്നിയിൽ നിന്ന് അത്തിക്കയത്തെത്തി അവിടെ നിന്നും ഒരു കിലോമീറ്റർ യാത്ര ചെയ്താൻ കുന്നിൻ ചെരുവിലെ ഡ്രാഗൺ ഫ്രൂട്ട് ഫാമിലെത്താം.
റബർ കൃഷി നഷ്ടമാണെന്ന തോന്നലുണ്ടായതോടെ കൃഷി രീതി ഒന്നു മാറി പരീക്ഷിക്കണമെന്ന ചിന്ത ജോസഫിനുണ്ടായത്.
അങ്ങനെയാണ് ഔഷധഗുണമേറിയതും വിപണന സാധ്യത കൂടിയതുമായ ഡ്രാഗൺ ഫ്രൂട്ടെന്ന വിദേശ ഫലം ഉത്പാദിപ്പിക്കണമെന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരായി വിരമിച്ച ജോസഫ് പറയുന്നു.
നേരത്തെ ഇവിടെ സ്വന്തമായുണ്ടായിരുന്ന സ്ഥലം വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് പോരെന്നു തോന്നിയതിനാൽ സമീപത്തെ ചില സ്ഥലങ്ങളും കൂടി വില കൊടുത്തു വാങ്ങി യന്ത്ര സഹായത്താൽ കിളച്ചൊരുക്കിയാണ് അഞ്ച് ഏക്കറിലധികം സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചത്.
പഴം വ്യാപകമായി വിളവെടുക്കാൻ തുടങ്ങിയതോടെ ആവശ്യക്കാരു മേറി. ചില്ലറയായും മൊത്തമായും ഫലം എടുക്കാൻ ആളുണ്ട്. കിലോഗ്രാമിന് 200 രൂപയ്ക്കാണ് ഫാമിൽ നിന്നും വില്പന.
ഇതിന്റെ ഇരട്ടിയോളമാണ് മാർക്കറ്റ് വില. അതിനാൽ തന്നെ ഡ്രാഗൺ പഴം വലിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴും മാർക്കറ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട.
ഇതോടൊപ്പം ഒന്നിന് 200 രൂപ എന്ന വിലയ്ക്കു തൈകളും ഇവിടെ നിന്ന് ആവശ്യക്കാർക്ക് ലഭ്യമാണ്.
അമേരിക്കയിലെ പഴവർഗത്തിൽപെട്ടതാണ് ഡ്രാഗൺ ഫ്രൂട്ട് . ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്ന വിവിധ ഘടകങ്ങളാൽ സമ്പുഷ്ടമാണിതെന്ന് ഗവേഷകർ പറയു ന്നു.
ഒപ്പം തലച്ചോറിന്റെ വികാസത്തിനും സഹായിക്കുന്നു. വൈറ്റമിനുകളും മാംസ്യവും ധാതുക്കളുമടങ്ങിയ ഈ പഴം നെടുകെ മുറിച്ചാണ് ഭക്ഷിക്കുന്നത്. രാത്രിയിൽ പുഷ്പിക്കുന്ന ചെടിയിൽ പച്ചനിറത്തിലാണ് കായ്കളുണ്ടാവുക. മൂപ്പെത്തുമ്പോൾ നല്ല ചുവപ്പു നിറത്തിലാകും.
ഉള്ളിൽ വെളുത്ത മാംസളമായ ഭാഗവും ചുവന്ന ഭാഗവുമുള്ള രണ്ടുതരം പഴങ്ങളുണ്ട്. ഇതിൽ ചുവന്ന ഉൾ ഫലമുള്ള ഇനം പഴമാണ് ജോസഫിന്റെ ഫാമിൽ വിളയുന്നത്.. ഡ്രാഗൺ പഴത്തിനൊപ്പം മറ്റു ഫലവർഗ കൃഷികളും ജോസഫിന്റെ തോട്ടത്തിലുണ്ട്.
ചുവന്ന പേര, ഒട്ടു കശുമാവ് , റമ്പുട്ടാൻ , കടപ്ലാവ്, നാരകം, മുസമ്പി, സപ്പോട്ട, മിറക്കിൾ ഫ്രൂട്ട് എന്നിവയെല്ലാം തോട്ടത്തിലുണ്ട്. കയ്യാലകൾ തിരിച്ച് തട്ടുതട്ടായാണ് കൃഷി.
വിവിധയിനം കുരുമുളക്, ഫലവർഗങ്ങളായ പുലാസാൻ, നെല്ലി, മിൽക്ക് ഫൂട്ട്, ബട്ടർ ഫ്രൂട്ട് , വിവിധയിനം പ്ലാവുകൾ എന്നിവയും ഫാമിൽ എമ്പാടുമുണ്ട്. കുടമ്പുളി, കാപ്പി, കൊക്കോ, മുള്ളാത്ത, കരിമ്പ് എന്നിവയും ഫാമിലുണ്ട്.
വിളകൾക്ക് ജലസേചനത്തിനായി വറ്റാത്ത കുളമുണ്ട്. പുരയിടത്തിന്റെ താഴെ ഭാഗത്ത് 50 അടിയിലേറെ താഴ്ചയും 12 മീറ്റർ നീളവുമുള്ള കുളം നിർമിച്ചാണ് തുടക്കം കുറിച്ചത്.
ഭാര്യ ജെസിക്കുട്ടിയും മക്കളായ ജോമിനും ജെസ്റ്റിനും കൃഷി കാര്യങ്ങളിൽ ജോസഫിനൊപ്പമുണ്ട്.