ഷൊർണൂർ : ധനാർത്തി മൂത്ത മനുഷ്യൻ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമാക്കിയ തരിശുനിലങ്ങൾക്ക് പുനർജ്ജനി. ആനക്കരയിൽ ഉപേക്ഷിക്കപ്പെട്ട ഉൗഷരഭൂമിയിലിനി ഡ്രാഗണ്ഫ്രൂട്ടുകൾ വിളയും.
ചൂഷണങ്ങളുടെ പിടിയിലമർന്ന മണ്ണടരുകളിൽ പച്ചപ്പിന്റെ ഹരിതഭംഗികൾ കഥ പറയും. ആനക്കര കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് പാഴായ മണ്ണിനെ തിരിച്ചുപിടിക്കുന്നത്.
യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ഇറക്കുന്നത്.
തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ആനക്കര കുപ്രസിദ്ധമാണ്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടന്നു വരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാൻ അധികൃതരും തയ്യാറല്ല. നെൽവയൽ നികത്തലാണ് മറ്റൊന്ന്.
ഏക്കർ കണക്കിന് ഭൂമി ഇവിടെ പരിവർത്തനപ്പെടുത്തുകയും ഉപയോഗരഹിതമാക്കി തീർക്കുകയും ചെയ്തിട്ടുണ്ട്.
മണ്ണിനെ പച്ചപ്പിലേക്ക് തിരിച്ചെത്തിക്കാനുള്ള പുതിയൊരു യജ്ഞത്തിന്റെ പാതയിലാണ് ഇപ്പോൾ ചില ചെറുപ്പക്കാർ.
പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിർവഹിച്ചു. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗിരീഷ് എന്നിവർ പ്രസംഗിച്ചു.