പഴയന്നൂര്‍: കുമ്പളക്കോട് മേക്കോണത്ത് കുമാരിയുടെ മകന് സുരേഷിന് സ്വപ്ന വീടായി. കൈത്താങ്ങൊരുക്കിയത് യുകെയിലെ മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം. മണല്ത്തിട്ടയിടിഞ്ഞുവീണ് നട്ടെല്ലിന് തകരാര്‍ സംഭവിച്ച യുവാവാണ് സുരേഷ്. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും പട്ടികയില്‍ ക്രമമ്പര്‍ പിന്നിലായത് തിരിച്ചടിയായി.
ഇതിനിടയിലാണ് മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം ഭാരവാഹികളായ ബെന്സന് തോമാസ്, ടിന്‍സി തോമാസ്, ഷിമ്മി ജോര്‍ജ്, ഡേവിസ് പുത്തൂര്‍ എന്നിവര്‍ സുരേഷിന്റെയും കുടുംബത്തിന്റെയും വിഷയത്തില്‍ ഇടപെടുകയും വീട് വച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തത്.
1050 സ്ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങിയത്. ഏകദേശം 10 ലക്ഷത്തോളം നിര്‍മാണച്ചെലവ് വന്നു. ജെസ്വിന് മാത്യു, നിക്സണ് പൗലോസ്, ഡെനിന് ദേവസി, ബെന്നി വര്‍ഗീസ്, അനു ചെറിയാന് എന്നിവര്‍ നേതൃത്വം വഹിച്ചു.
ഇന്നലെ രാവിലെ റവന്യു മന്ത്രി കെ.രാജന് താക്കോല്‍ദാനം നിര്‍വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. ശ്രീജയന്‍, ഗീത രാധാകൃഷ്ണന്. പഞ്ചായത്തംഗം കെ.എം. ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.