കെ.ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരെ പറന്ന് നിരീക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്.
ജയിലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗമുള്‍പ്പെടെ ഗുരുതരമായ കൃത്യവിലോപം തുടരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള പദ്ധതി ജയില്‍വകുപ്പ് തയാറാക്കിയത്.
1.5 കോടി രൂപ ചെലവില്‍ ഡ്രോണ്‍ കാമറ വാങ്ങി പരിശോധന നടത്താനാണ് ജയില്‍വകുപ്പിന്റെ പദ്ധതി.
രാഷ്ട്രീയ തടവുകാരും തീവ്രവാദികളും ലഹരിമാഫിയയുമുള്പ്പെടെ ‘തഴച്ച് വളരുന്ന’ ജയിലുകളിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടെത്താനും നടപടി സ്വീകരിക്കാനും ഇത്തരം നിരീക്ഷണങ്ങളിലൂടെ സാധിക്കുമെന്നാണ് ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്.
ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ധനകാര്യവകുപ്പിന് കൈമാറി. അടുത്താഴ്ച പ്ലാനിംഗ് ബോര്‍ഡ് ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി അതീവ സുരക്ഷാ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കാനുദ്യേശിക്കുന്നത്.
ഇതിന് പുറമേ ജയില്വാര്ഡന്മാരുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറയും എക്സറേ ബാഗേജ് സ്കാനറും ഫുള്‍ബോഡി സ്കാനറും മെറ്റല്‍ ഡിറ്റക്ടറും വാങ്ങാനും ജയില്‍വകുപ്പ് സര്‍ക്കാര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
25 ലക്ഷം രൂപയാണ് ബോഡി വോണ്‍ കാമറയ്ക്കായി ആവശ്യപ്പെട്ടത്. 3.5 കോടി രൂപയുടെ എക്സറേ ബാഗേജ് സ്കാനറും അഞ്ച് കോടിയുടെ ഫുള്‍ബോഡി സ്കാനറും വാങ്ങണമെന്നും ജയില്‍ മേധാവി ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ധനകാര്യവകുപ്പിന് കൈമാറിയത്.
പത്തു കോടി രൂപയുടെ പദ്ധതിയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
ജയിലുകളില്‍ ഇടയ്ക്കിടെ പരിശോധന നടത്തുന്ന വാര്ഡന്മാര് യൂണിഫോമിന് മുകളില്‍ കാമറ ഘടിപ്പിക്കുന്നതാണ് ബോഡിവോണ് കാമറ. വാര്ഡന്മാര് കാണാത്ത കാഴ്ചകള്‍ വരെ കാമറ കണ്ടെത്തി റിക്കാര്‍ഡ് ചെയ്യും.
ഇത് തത്സമയം നിരീക്ഷിക്കുന്നതിനായി കണ്ട്രോള് റൂമും പ്രവര്‍ത്തനസജ്ജമാക്കും. സെല്ലുകളില്‍ തടവുകാരുടെ പെരുമാറ്റവും മറ്റും കാമറവഴി വിശദമായി നിരീക്ഷിക്കാനും അസ്വാഭാവികത കണ്ടാല്‍ പരിശോധന നടത്താനും സാധിക്കും.
കോടതികളില്‍ വിചാരണകഴിഞ്ഞും മറ്റും ജയിലുകളിലേക്കെത്തുന്ന തടവുകാര്‍ വഴിയാണ് മൊബൈല്‍ഫോണും ലഹരി വസ്തുക്കളും എത്തുന്നത്. എക്സറേ ബാഗേജ് സ്കാനറും ഫുള്‍ബോഡി സ്കാനറും വഴി ഇവ കണ്ടെത്താനാവും.
കൂടാതെ വിവിഐപി, വിഐപി സുരക്ഷയ്ക്കായി പോലീസിലെ ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നോണ്‍ ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടറാണ് (എന്‍എല്‍ജെഡി) ജയിലുകളിലേക്കും വാങ്ങണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ പരമാര്ശിച്ചിട്ടുണ്ട്.
മണ്ണിനടിയില്‍ നാലു മീറ്റര്‍ വരെ താഴ്ചയില്‍ ഇല?ക്ട്രോണിക്സ് ഉപകരണങ്ങളും ചിപ്പുകളും ഡയോഡുകളും ഉണ്ടെങ്കില്‍ ഈ ഉപകരണം വഴി കണ്ടെത്താനാവും.
കൂടാതെ വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് അപ്പുറത്തുള്ള വസ്തുവായാലും കണ്ടെത്താനാവും.