ജോണ്സണ് വേങ്ങത്തടം
കോട്ടയം: സ്ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്ന് കച്ചവടതന്ത്രം കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. ലഹരി കടത്ത് കേസില്‍ പുറത്തു വരുന്ന സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പിടിയിലാകുന്ന സ്ത്രീകളാകട്ടെ 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവതികളാണ്. പ്രേമം നടിച്ചു വിദ്യാര്‍ഥിനികളെയും യുവതികളെയും വീഴ്ത്തുന്ന സംഘം ലഹരിക്കടിമയാക്കി രംഗത്തിറക്കുകയാണ്.
എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫെറ്റമിന്‍), ഹഷീഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാംപ് (ലൈസര്‍ജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് യുവതികളുടെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. ഇത്തരം സംഘങ്ങളില്‍ എംഡിഎംഎ
ഉപയോഗിക്കുന്നവരുടെയും വില്ക്കുന്നവരുടെയും എണ്ണമാണ് അധികമെന്നും നര്‍ക്കോട്ടിക് ബ്യൂറോ, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു.
കാക്കനാട്ടിലും തൊടുപുഴയിലും
കഴിഞ്ഞ വര്‍ഷം കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നാണ് ഒന്നേകാല്‍ കിലോ എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തില്‍ ഏഴു പേരുടെ അറസ്റ്റ് കൂടി എക്സൈസ് രേഖപ്പെടുത്തിയിരുന്നു.
ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ആണ് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്‍പ്പനയുടെ സൂത്രധാര സുസ്മിതയായിരുന്നു. കാക്കനാട് ഫ്ള്ാറ്റുകള് കേന്ദ്രീകരിച്ചുള്ള നിരവധി റെയ്ഡുകളില് യുവതികളും പിടിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം തൊടുപുഴ ലോഡ്ജില്‍ നിന്നും യുവാവിനെയും യുവതിയേയും പിടിച്ചതാണ് അവസാന സംഭവം. പിടിക്കപ്പെട്ട യുവതിയെ വിദ്യാര്‍ഥിനികള്‍ക്കു മയക്കുമരുന്നു നല്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണിയാക്കാന്‍ സംഘം വിജയിച്ചു.
കുടുംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അകറ്റാനും സാധിച്ചുവെന്നതാണ് സംഘത്തിന്റെ കച്ചവടതന്ത്രം.
കുടുംബമെന്ന തോന്നലുണ്ടാക്കും
കഞ്ചാവ് കേസില്‍ പിടിക്കപ്പെടുന്ന ബഹു ഭൂരിപക്ഷം സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളോ മോശം ജീവിത ചുറ്റുപാടുകളോ ഉള്ളവരാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ലെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രഫഷണല്‍ കോഴ്സ് വിദ്യാര്‍ഥിനികള്‍, കോളജ് വിദ്യാര്‍ഥികള്‍, ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്നവരാണ് ഇന്നു മയക്കുമരുന്ന് സംഘത്തിലുള്ളത്.
ലഹരിമരുന്ന് കടത്തുമ്പോള്‍ പെണ്‍കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടുംബമെന്ന തോന്നല്‍ ഉണ്ടാക്കി അന്വേഷണ സംഘത്തെ കബളിപ്പിക്കാനാണ്.
പലയിടത്തും ഈ പരീക്ഷണം വിജയിച്ചതോടെയാണ് പെണ്‍കുട്ടികളെ കൂടുതലായും സംഘത്തിലേക്ക് എത്തിച്ചു തുടങ്ങിയത്. വാഹനത്തിലാണെങ്കിലും ലോഡ്ജിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമാണ് ലഹരിക്കടത്തുകാര്‍ക്കു ബലം പകരുന്നത്.
ലഹരിക്കടത്തില്‍ യുവതികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് എക്സൈസ് ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എക്സൈസ് സംഘത്തിന്റെ വിശദമായ അന്വേഷണത്തില്‍ കോവിഡ് കാലത്താണ് സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചത്.
രഹസ്യ ഭാഗങ്ങളില്‍
ഭാര്യാഭര്ത്താക്കന്മാരെന്ന വ്യാജേന മുറിയെടുക്കുകയും അതു വഴി കഞ്ചാവ് വില്‍പ്പനയും ലഹരിമരുന്ന് കടത്തും സജീവമാകുകയാണ്.
പതിനെട്ട് വയസ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം.
സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിനു കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.
യുവതികള്‍ ശരീരത്തില്‍ ലഹിമരുന്ന് ഒളിപ്പിച്ചു കൊണ്ടുവരുന്നത് വ്യാപകമാണിപ്പോള്‍. എംഡിഎഎ, സ്റ്റാംപുകള്‍ എന്നിവ രഹസ്യഭാഗങ്ങളില്‍ സൂക്ഷിക്കുന്നത് പലപ്പോഴും പരിശോധനയ്ക്കും തടസമാകുന്നുണ്ട്.