കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പുതിയതെരു സ്വദേശി സി. റിസ്വാൻ (22), മൈതാനപള്ളി സ്വദേശി ടി.പി. ദിൽഷിദ് (33), റിസ്വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ് (19) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
രണ്ടിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽനിന്നു 1.4 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു റിസ്വാനെയും ദിൽഷിദിനെയും പിടികൂടി.
ഇരുവരുടെയും കൈയിൽനിന്നു 156.61 ഗ്രാം എംഡിഎംഎയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി ഉപയോഗിക്കുന്ന എട്ട് ബോട്ടിലുകളും എംഡിഎംഎ വിൽക്കാനായി ഉപയോഗിക്കുന്ന 19 കവറുകളും പിടിച്ചെടുത്തു.