പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി.
തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം.
വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി.
പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ് 32, എട്ടരക്കണ്ടി ജാഫര്‍ 33, കാരാട് സ്വദേശി എളവത്ത് പുറായി വിഷ്ണു 27 എന്നിവരാണ് അറസ്റ്റിലായത്.
ചെട്ടിയാര്‍മാട് സ്വദേശിയായ യുവാവും, തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അധികമായി പ്രണയത്തില്‍ ആയിരുന്നു.
കഴിഞ്ഞ 24ന് യുവതി തന്നോടൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങി വന്നെന്നും തേഞ്ഞിപ്പലം പോലീസില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ സ്റ്റേഷനില്‍ ഹാജരാവുകയും ഒന്നിച്ചു ജീവിക്കാന്‍ ആണ് താല്‍പ്പര്യം എന്ന് അറിയിക്കുകയും ചെയ്തു.
അമ്മക്ക് സുഖമില്ലെന്നും അമ്മയെ കണ്ട് വരട്ടെ എന്നു പറഞ്ഞു പോലീസ് യുവതിയെ വീട്ടിലേക്ക് അയക്കുകയായിരിന്നുവെന്നും പരാതിയില്‍ പറയുന്നു.
അവളോട് സംസാരിക്കാന്‍ നല്കിയ ഫോണ്‍ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനില്‍ വെച്ചു തിരിച്ചു തരികയും ചെയ്തു.
ഇതിന് ശേഷം യുവതിയെ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ യാണെന്നും വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു ഒരുമിച്ച് ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം.
ഈ പരാതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും ഡിവൈഎഫ്ഐ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇന്‍സ്പെക്ടര്‍ ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സ്റ്റേഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും കൃത്യനിര്‍വഹണം തടസ്സപെടുത്തിയതിന് ഹണി ലാലിനെതിരെയും കേസെടുത്തു. ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചതിന് അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.