തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്നവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ…എന്നാല്‍ പല കാര്യത്തിനും കേരളത്തിനു മാതൃകയായ മെട്രോമാന് ഇ ശ്രീധരന് ഇക്കാര്യത്തിലും കേരളത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്.
മെട്രോമാന്റെ ഉറപ്പില്‍ മധുരവീരന് കോളനിയില്‍ ഇന്നലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തി.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന് ഇ.ശ്രീധരന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മധുരവീരന് കോളനിയിലെത്തിയപ്പോള്‍ അവിടുത്തെ ഒട്ടേറെ കുടുംബങ്ങള്‍ ഒരു സഹായം അഭ്യര്‍ഥിച്ചിരുന്നു.
വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം,കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം എന്നിങ്ങനെയായിരുന്നു ആ ആവശ്യങ്ങള്‍. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നല്കി മെട്രോമാന് മടങ്ങുകയും ചെയ്തു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കില്‍ നിന്നു മാറിയില്ല.ഒമ്പത് കുടുംബങ്ങള്‍ക്കു വൈദ്യുതി കണക്ഷന് ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശ്ശികയും തീര്‍ക്കാന്‍ 81,525 രൂപയുടെ ചെക്ക് അദ്ദേഹം കെഎസ്ഇബി കല്പാത്തി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പേരില്‍ അയച്ചു നല്കി.
ഇതിന്റെ സമ്മത പത്രം നഗരസഭ ഉപാധ്യക്ഷന്‍ ഇ.കൃഷ്ണദാസ് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി.സ്മിതേഷ്, ആശാ പ്രവര്‍ത്തക സെമീന എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വാര്‍ഡ് തല ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പള്‍സ് ഓക്്സിമീറ്ററും വിതരണം ചെയ്തു.