ഭൂമിയുടെ മുഖപ്രസാദം നഷ്ടമാവുന്നുവോ…ഭൂമിയുടെ തിളക്കം കുറയുന്നതായി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരം.
ഭൂമിയുടെ തിളക്കം ഭൂമിയിലുള്ളവര്‍ക്ക് കാണാനാവില്ലെങ്കിലും ബഹിരാകാശ യാത്രികള്‍ക്ക് ഇത് വ്യക്തമായി കാണാം.
ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നീല നിറത്തില്‍ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ തിളക്കമുണ്ടാവുന്നത്.
എന്നാല്‍ ഭൂമി പഴയ ഭൂമിയല്ലെന്നു പറഞ്ഞതുപോലെ ഗ്രഹത്തിന് പഴയതു പോലെ തിളക്കവുമില്ലെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങള്‍ ശേഖരിച്ചാണ് ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്.
സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എര്‍ത്ത് ഷൈന്‍ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്.
അര്‍ധചന്ദ്രനെ കാണുന്നസമയത്ത് അതിന്റെ ഇരുണ്ട ഭാഗവും ചെറിയ തോതില്‍ നമുക്ക് ഭൂമിയിലിരുന്ന് കാണാന്‍ സാധിക്കാറുണ്ട്. ഈ ഭാഗത്തെ വെളിച്ചത്തിന് ഇടയാക്കുന്നത് ഭൂനിലാവാണ്.
ഓരോ രാത്രികളിലും ഓരോ ഋതുക്കളിലും ഭൂനിലാവിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ടാവും. നേരത്തെ സൂചിപ്പിച്ചപോലെ സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂനിലാവ് ഉണ്ടാകുന്നത്.
ഭൂമിയിലെ വലയം ചെയ്യുന്ന മേഘപാളിയില്‍ തട്ടിയാണ് സൂര്യപ്രകാശം പ്രതിഫലിക്കുന്നത്. ഭൂനിലാവിന് തിളക്കം കുറയുന്നുവെന്ന് പറഞ്ഞാല്‍ ഈ പ്രതിഫലന തോത് കുറയുന്നു എന്നര്‍ത്ഥം.
ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തില്‍ 30 ശതമാനവും ഭൂമിയില്‍ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്ക്. 20 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രതിഫലനത്തേക്കാള് 0.5 ശതമാനം കുറവ് ഇപ്പോഴുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മാത്രവുമല്ല കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഭൂനിലാവിന്റെ വെളിച്ചത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതായത്. അത്രയും സൂര്യപ്രകാശം ഭൂമിയിലേക്ക് അധികമായി പ്രവേശിക്കുകയും ഭൂമിയിലെ താപനില വര്ധിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു.
തെക്ക്, വടക്ക് അമേരിക്കന്‍ തീരങ്ങള്‍ക്ക് മുകളിലെ മേഘാവരണത്തില് വലിയ കുറവാണുണ്ടായിട്ടുള്ളത്. ഇത് സമുദ്ര താപനില വര്‍ധിക്കാനിടയാക്കുന്ന പസിഫിക് ഡെകേഡല് ഓസ്കിലെഷന് (Pacific Decadal Oscillation – PDO) എന്ന പ്രതിഭാസത്തിനിടയാക്കും.
സമുദ്രതാപനില വര്‍ധിക്കുന്നത് ചുഴലിക്കാറ്റ് ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.