ഏറെ പ്രതീക്ഷകളോടെയാണ് ഇരുപത്തഞ്ചു വയസുകാരി പ്രിയദർശിനി മാട്ടൂ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാനെത്തിയത്. നന്നായി പഠിക്കണമെന്നും മികച്ചൊരു വക്കീലായി അറിയപ്പെടണമെന്നുമായിരുന്നു അവളുടെ ഏറെക്കാലമായുള്ള ആഗ്രഹം.
കോളജ് ജീവിതവും പഠനവുമൊക്കെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായത്. സന്തോഷ് സിംഗ് എന്ന ചെറുപ്പക്കാരന്റെ കടന്നുവരവാണ് അവളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ രചിച്ചത്.
വഴിതെറ്റിയ സൗഹൃദം
സന്തോഷ് സിംഗ് കോളജിൽ അവളുടെ സീനിയറായിരുന്നു. അവർ വളരെ പെട്ടെന്നു സുഹൃത്തുക്കളായി. നല്ല സുഹൃത്തായിട്ടായിരുന്നു അവൾ അയാളെ കണ്ടത്. ആദ്യമൊക്കെ ആയാളുടെ പെരുമാറ്റവും അതേ രീതിയിൽത്തന്നെ ആയിരുന്നു.
അതുകൊണ്ടു തന്നെ ആ സൗഹൃദത്തെ അവളും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ക്രമേണ സന്തോഷ് സിംഗിന്റെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുന്നതായി അവൾ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ അയാൾ അതിരുവിട്ട രീതിയിൽ അവളോടു പെരുമാറിത്തുടങ്ങി.
ആദ്യമൊക്കെ അതിനെ അവഗണിച്ചുകളയാനായിരുന്നു അവളുടെ ശ്രമം. എന്നാൽ, അയാൾ പിന്മാറാൻ തയാറല്ലായിരുന്നു. മോശമായ പെരുമാറ്റം പതിവായതോടെ ഇനിയും ഈ സൗഹൃദം മുന്നോട്ടുകൊണ്ടുപോകുന്നത് നല്ലതല്ലെന്ന് അവളുടെ മനസു പറഞ്ഞു. അങ്ങനെ സന്തോഷ്സിംഗുമായുള്ള സൗഹൃദം അവൾ അവസാനിപ്പിച്ചു.
പിന്നാലെ തന്നെ
ഇതോടെ അയാളുടെ ശല്യം ഒഴിവാകുമെന്നതായിരുന്നു അവളുടെ പ്രതീക്ഷ. എന്നാൽ, അയാൾ അങ്ങനെ പിന്മാറാൻ തയാറായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ അയാൾ കൂടി. അവൾ പോകുന്നിടത്തൊക്കെ അയാളും എത്തി.
അയാൾ തന്നെ വിടാതെ പിന്തുടരുകയാണെന്നു തോന്നിയതോടെ അവൾക്കു ഭീതിയായി. ഒടുവിൽ കൂട്ടുകാരുടെയും മറ്റും ഉപദേശം സ്വീകരിച്ച് അയാൾക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് അയാളെ താക്കീത് ചെയ്തു.
അതോടെ കുറച്ചുകാലം കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ പോയി. എന്നാൽ, അങ്ങനെ തോറ്റുപിന്മാറുന്ന ആളല്ലായിരുന്നു സന്തോഷ്സിംഗ്. ഒരിക്കൽ മോഹച്ചതു സ്വന്തമാക്കാൻ എന്തുവഴിയും സ്വീകരിക്കാൻ മടിയില്ലാത്ത ഒരു ക്രിമിനൽ മനസ് അയാൾക്കുണ്ടായിരുന്നു.
അല്പകാലം അടങ്ങിയിരുന്നെങ്കിലും അയാളുടെ ഉള്ളിൽ അവളോടുള്ള മോഹം തിളച്ചുകൊണ്ടു തന്നെയിരുന്നു. അയാൾ വീണ്ടും ഒളിഞ്ഞും തെളിഞ്ഞും അവളെ പിന്തുടരാൻ തുടങ്ങി.
പ്രകോപനം
1995ലാണ് സന്തോഷ് സിംഗിനെതിരേ പ്രിയദർശിനി പോലീസ് പരാതി നൽകിയത്. ഇത് ഇയാളെ ശരിക്കും പ്രകോപിപ്പിച്ചിരുന്നു. ഇതോടെ അവൾക്കെതിരേ അയാൾ യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരാതി കൊടുത്തു.
ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കുന്നു എന്നായിരുന്നു പരാതി. സന്തോഷിന്റെ പരാതിയിൽ കഴന്പില്ലെന്നും കെട്ടിച്ചമച്ചതാണെന്നും പിന്നീടു സർവകലാശാല കണ്ടെത്തി. സന്തോഷിന്റെ ശല്യപ്പെടുത്തൽ ഇടയ്ക്കിടെ ഉണ്ടായെങ്കിലും അവൾ പഠനം മുന്നോട്ടുതന്നെ കൊണ്ടുപോയി.
മാനഭംഗം, കൊലപാതകം
അവളുടെ നിയമപഠനം മൂന്നാം വർഷത്തിലെത്തി. അങ്ങനെയൊരു ദിവസം കോളജ് ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്, നിയമ വിദ്യാർഥിനി പ്രിയദർശിനി മാട്ടൂ കൊല്ലപ്പെട്ടു, അതും അതിക്രൂരമായി.
കോളജ് മാത്രമല്ല, ഡൽഹി നഗരം ഒന്നാകെ നടുങ്ങി. തലസ്ഥാന നഗരിയിലെ കോളജിൽ വിദ്യാർഥിനി കൊല്ലപ്പെട്ട വാർത്ത അവിടെയും ഒതുങ്ങി നിൽക്കാതെ രാജ്യമെന്പാടും ചർച്ചയായി. പ്രിയദർശിനിയുടെ അമ്മാവന്റെ വസതിയിലാണ് അവൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെടുംമുന്പ് അവൾ ക്രൂരബലാത്സംഗത്തിന് ഇരയായി. ഹെൽമറ്റ് ഉപയോഗിച്ച് 14 തവണ അവളുടെ മുഖത്ത് ആഞ്ഞടിച്ചതായി പരിശോധനയിൽ കണ്ടെത്തി. മുഖം തിരിച്ചറിയാത്ത വിധത്തിൽ ആക്രമിച്ചു തകർത്തിരിന്നു. മാനഭംഗത്തിനു ശേഷം കന്പി ഉപയോഗിച്ച് അവളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ അറിയാം, പക്ഷേ!
1996 ജനുവരി 23നാണ് പ്രിയദർശിനി കൊല്ലപ്പെടുന്നത്. രാവിലെ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്തു പ്രിയദർശിനിയുടെ അമ്മാവന്റെ വീട്ടിലേക്കു സന്തോഷ് സിംഗ് നടന്നുപോകുന്നതായും വാതിലിൽ മുട്ടുന്നതായും കണ്ടവരുണ്ട്.
പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ സന്തോഷ് സിംഗ് തന്നെയാണ് ഈ ക്രൂര കൃത്യത്തിനു പിന്നിലെന്ന് അവർക്കു മനസിലായി. സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു സന്തോഷ്. ഇയാളുടെ പിതാവ് ജെ.പി സിംഗ് പോണ്ടിച്ചേരിയിൽ പോലീസ് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു.
സന്തോഷ് സിംഗിന്റെ പിതാവ് പ്രബലനായതുകൊണ്ട് കേസിന്റെ തുടക്കം മുതലേ അട്ടിമറിശ്രമം സജീവമായിരുന്നു. പ്രതിക്കനുകൂലമായി ഡൽഹിയ പോലീസ് പ്രവർത്തിച്ചെന്നു വിമർശനം ഉയർന്നിരുന്നു. 1999 ഡിസംബർ മൂന്നിനു വിചാരണക്കോടതി സന്തോഷിനെ കുറ്റവിമുക്തനാക്കിയതോടെ അന്വേഷണത്തിലെ പാളിച്ചകൾ വ്യക്തമായി.
ഇതോടെ പ്രതിഷേധം കനത്തു. പല സംഘടനകളും വിഷയം ഏറ്റെടുത്തു. സമരങ്ങൾക്കു തുടക്കമായതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ പ്രതി സന്തോഷ് സിംഗിനെതിരേ നിരവധി തെളിവുകൾ കണ്ടെത്തി.
വധശിക്ഷ
സിബിഐ അന്വേഷണത്തിന്റെ വെളിച്ചത്തിൽ 2006 ഒക്ടോബർ 17ന് ദില്ലി ഹൈക്കോടതി സന്തോഷ് കുമാർ സിംഗ് കുറ്റക്കാരനാണെന്നു കണ്ടെത്തി. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു.
ഒക്ടോബർ 30ന് സന്തോഷ് സിംഗിനെ വധശിക്ഷയ്ക്കു വിധിച്ചു. ഹൈക്കോടതിയിൽ വളരെ വേഗത്തിലാണ് ഈ കേസിന്റെ വിചാരണ നടന്നത്. 42 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്.
ഹൈക്കോടതി വിധിക്കെതിരേ പ്രതി സുപ്രീം കോടതിയെ സമീപിച്ചു.
2010 ഒക്ടോബർ ആറിനു സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. സന്തോഷ് സിംഗ് കുറ്റക്കാരനാണെന്നു സുപ്രീം കോടതി കണ്ടെത്തിയെങ്കിലും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നു പറയാനാവില്ല എന്ന നിരീക്ഷണത്തോടെയാണ് വധശിക്ഷ ഇളവു ചെയ്തത്.