തൃശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വളരെ രഹസ്യമായി കൂടിയ യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ആരാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമെല്ലാം ഈ അധ്യാപകരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കു പോലും എ പ്ലസ് ലഭിക്കുന്നുണ്ടെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിമർശിച്ചിരുന്നു. എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശിൽപശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം.