കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന ഏഴംഗ സംഘത്തെ ഭീകരവിരുദ്ധ സേനയും (എടിഎസ്) പോലീസും ചേർന്നു പിടികൂടി.
500 രൂപയുടെ കള്ളനോട്ടുകളാണ് ഇവിടെ അടിച്ചിരുന്നത്. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു.
പ്രിന്റർ, നോട്ട് എണ്ണുന്ന യന്ത്രം, ലാമിനേറ്റർ യന്ത്രം, നോട്ട് അച്ചടിക്കാനുള്ള പേപ്പർ എന്നിവയും സംഘം ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തു.
വണ്ടിപ്പെരിയാർ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിൽ സ്റ്റീഫൻ (33), ആനന്ദ് (24), കോട്ടയം കിളിരൂർ ചെറുവളളിത്തറ ഫാസിൽ (34), തൃശൂർ പീച്ചി വാഴയത്ത് ജിബി (36), നെടുങ്കണ്ടം മൈനർസിറ്റി കിഴക്കേതിൽ സുനിൽ കുമാർ (40), പത്തനംതിട്ട സ്വദേശി മധുസൂദനൻ, വണ്ടിപ്പെരിയാർ സ്വദേശി തങ്കവേൽ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ നാലിന് റെയ്ഡ് നടക്കുന്ന സമയത്ത് പ്രതികളിൽ അഞ്ചു പേർ പൈങ്കുറ്റിയിലെ വാടകവീട്ടിലുണ്ടായിരുന്നു. മധുസൂദനനെയും തങ്കവേലിനെയും പിന്നീടാണു പിടികൂടിയത്.
കൂത്താട്ടുകുളം സിഐ കെ.ആർ. മോഹൻദാസ്, പിറവം സിഐ ഇ.എസ്. സാംസണ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എടിഎസ് ഉദ്യോഗസ്ഥരുമാണു റെയ്ഡ് നടത്തിയത്.
പിറവത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ കള്ളനോട്ട് എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണു റെയ്ഡിനു വഴിവച്ചതെന്നു പറയുന്നു. എടിഎസ് സംഘം ഒരാഴ്ചയായി പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.
15 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ സംഘം വിനിമയം ചെയ്തതായാണ് വിവരം. യഥാർഥ നോട്ടുകളുടെ ഫോട്ടോ കോപ്പി എടുത്തശേഷം സ്ക്രീൻ പ്രിന്റിംഗ് സംവിധാനം ഉപയോഗിച്ചാണ് കള്ളനോട്ടുകൾ തയാറാക്കിയിരുന്നത്.
സമഗ്രമായ തുടരന്വേഷണം നടക്കുമെന്നു ജില്ലാ റൂറൽ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
കള്ളനോട്ട് സംഘം കഴിഞ്ഞത് സീരിയൽ അണിയറ പ്രവർത്തകരായി
കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ ഒമ്പത് മാസത്തോളം കള്ളനോട്ട് സംഘം കഴിഞ്ഞതു സീരിയൽ അണിയറ പ്രവർത്തകരായി.
മലയാളത്തിലെ പ്രമുഖ വിനോദചാനലിനായി സെറ്റ് ഒരുക്കുന്നവരെന്നു പറഞ്ഞാണു വൻമേലിൽ പുത്തൻപുരയിൽ സണ്ണിയുടെ വീട് ഇവർ വാടകയ്ക്കെടുത്തത്.
സെറ്റിനായി ഉപയോഗിക്കുന്ന ആർച്ചുകൾ, ഫോൾഡിംഗുകൾ, കാർഡ് ബോഡ് മുതലായവ വീട്ടുമുറ്റത്തും പരിസരത്തും ഇവർ സൂക്ഷിച്ചിരുന്നു.
വിജനമായ പ്രദേശത്താണു വീടുള്ളത്. ഇവിടെ താമസിച്ചിരുന്ന ആറ് പേരിൽ നാലു പേരുടെയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ നൽകി സംശയത്തിനിട നൽകാത്തവിധമാണു വാടകച്ചീട്ട് എഴുതിയത്.
വീട്ടുടമയ്ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് വാടക നൽകിയിരുന്നത്. നാലു പേർ സ്ഥിരമായി പുറത്തുപോകുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
വീട്ടുടമ പറമ്പിലെ പണികൾക്കും മറ്റുമായി ഇവിടെ വരാറുണ്ടെങ്കിലും സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല.
നാട്ടുകാരുമായി വലിയ അടുപ്പമൊന്നും സംഘം കാണിച്ചിരുന്നില്ല. ഇവർക്ക് സ്ഥിരമായി പാൽ നൽകിയിരുന്ന ആൾക്ക് മൂന്നു മാസത്തെ പണം നൽകാനുള്ളതായി പറയുന്നു.
പിറവത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ കള്ളനോട്ട് കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണമാണ് പൈങ്കുറ്റിലേക്ക് എത്തിയത്.
ഇന്നലെ പുലർച്ചെ നാലോടെ അന്വേഷണ സംഘം റെയ്ഡ് ആരംഭിച്ചെങ്കിലും നേരം പുലർന്നശേഷമാണ് നാട്ടുകാർ വിവരമറിയുന്നത്.
ഇലഞ്ഞി വില്ലേജ് ഓഫീസർ ശരത്ചന്ദ്ര ബോസിന്റെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, പുത്തൻകുരിശ് ഡിവൈഎസ്പി ജി. അജയ്നാഥ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
13 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ വൈകുന്നേരം അഞ്ചോടെ വീട് പൂട്ടി താക്കോൽ കസ്റ്റഡിയിൽ എടുത്തശേഷം പ്രതികളെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഇലഞ്ഞി ടൗണിൽനിന്നു മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കു മാറി ഗ്രാമത്തിൽ നടന്ന കള്ളനോട്ടടി നാട്ടുകാർക്കു നടുക്കമായി. കള്ളനോട്ടുകൾ പ്രദേശത്ത് ചെലവഴിച്ചിരിക്കാമെന്ന സംശയം ആശങ്കയുയർത്തിയിട്ടുണ്ട്.