കോഴിക്കോട് : സംസ്ഥാനത്തെ ആകെ പിടിച്ചുകുലുക്കിയ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് ഇന്നേക്ക് ഒരു വര്‍ഷം. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന് തീവെച്ചത് തീവ്രവാദ ലക്ഷ്യത്തോടെയാണെന്നാണ് എന്‍ഐഎ കുറ്റപത്രമെങ്കിലും ദുരൂഹത ബാക്കിയാണ്.
ഭീതിമായാത്ത ഒരുവര്‍ഷം…
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും കടന്ന് കണ്ണൂരിലേക്ക് യാത്ര തുടരുകയാണ്. സമയം രാത്രി 9.27 എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ടതോടെ തീവണ്ടിയിലെ ഡിവണ്‍ ബോഗിയിലെ അന്തരീക്ഷം പൊടുന്നനെ മാറി.ഡി2 ബോഗിയില്‍ നിന്ന് വന്ന ഒരാള്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുന്നു.
ശാന്തമായിരുന്ന ഡി വണ്‍ ബോഗി പൊടുന്നനെ തീഗോളമായി മാറി. പരിഭ്രാന്തരായ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ ചിതറിയോടി.യാത്രക്കാര്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പൊള്ളലേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇതോടകം തന്നെ അക്രമി കാണാമറയത്തേക്ക് രക്ഷപ്പെട്ടു. അതിനിടെയാണ് എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് അര്‍ധരാത്രി രണ്ടര വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതശരീരം കണ്ടെത്തിയത്.
തീപടരുന്നത് കണ്ട് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് ഇവരെന്നാണ് വിലയിരുത്തല്‍. എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ പെട്രോള്‍കുപ്പിയടങ്ങിയ ബാഗാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.ബാഗില്‍ നിന്ന് കിട്ടിയ നോട്ട് ബുക്കില്‍ ഷാരൂഖ് സെയ്ഫിയെന്ന പേര്, കാര്‍പെന്റര്‍ എന്ന തൊഴില്‍, നോയിഡ എന്ന സ്ഥലം എല്ലാം വ്യക്തമായി കുറിച്ചിട്ടിരുന്നു. ഒപ്പം സിംകാര്‍ഡില്ലാത്ത മൊബൈല്‍ ഫോണും.ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പ്രതി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായി. പേര് ഷാരൂഖ് സെയ്ഫി. പതിനൊന്ന് ദിവസം കേരള പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു.
പ്രതിക്ക് മേൽ യു.എ.പി.എയും ചുമത്തി. കേസന്വേഷണം എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തു. 2023 സെപ്തംബര്‍ മുപ്പതിന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മറ്റുപ്രതികളില്ലെന്നും തീവ്രവാദ പ്രവർത്തനം വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നും കുറ്റപത്രം.. ആരും തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഷാറൂഖ് സെയ്ഫിക്ക് ഒറ്റയ്ക്ക് കേരളത്തില്‍ ഇങ്ങനെയൊരു ആക്രമണം നടത്താനാകുമോ..? യു.പി സ്വദേശിയായ പ്രതി ആക്രമണത്തിന് കേരളം തന്നെ തെരഞ്ഞെടുത്തതിന്റെ യാഥാര്‍ഥ കാരണമെന്ത് ? ആസൂത്രിതമായ ആക്രമണമെങ്കില്‍ പ്രതിയിലേക്കുള്ള തെളിവുകളടങ്ങുന്ന ബാഗ് റെയില്‍വേ ട്രാക്കില്‍ എങ്ങനെയെത്തി. ട്രെയിന്‍ തീവെപ്പിന് ഒരാണ്ട് തികയുമ്പോഴും ദുരൂഹതകളേറെ ബാക്കിയാണ്.
സ്വന്തം ലേഖകന്‍