ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്കും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്.
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രിയങ്കഗാന്ധി നടത്തിയ പ്രസംഗത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും പരാതി കൊടുത്തിരുന്നു.
മോദി ഒരു ക്ഷേത്രത്തില്‍ നല്കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താന്‍ ടിവിയില്‍ കണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.
ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ പുറത്താക്കിയില്ലെങ്കിൽ മാതാ കൗശല്യയുടെ നാട് അശുദ്ധമാകുമെന്നായിരുന്നു ഹിമന്ദ ബിശ്വശർമയുടെ പരാമർശം. പരാതികളില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
അതിനിടെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന വികസിത് ഭാരതയാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ വിമർശനം