പത്തനംതിട്ട: ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഉറപ്പായി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എല്‍ഡിഎഫാകട്ടെ അഞ്ച് മണ്ഡലങ്ങളും ഇത്തവണ ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ ബിജെപി ഇപ്പോഴും വിജയ പ്രതീക്ഷയിലുമാണ്.
എക്സിറ്റ്പോളുകള് ജില്ലയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം പ്രവചിച്ചതെങ്കിലും അത്രകണ്ട് വിട്ടുകൊടുക്കാന്‍ യുഡിഎഫ് തയാറല്ല. രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നുവെന്ന് യുഡിഎഫ് കരുതുന്നു. റാന്നി, കോന്നി, ആറന്മുള എന്നിവയാണ് യുഡിഎഫ് ഉറപ്പിച്ചു പറയുന്ന മണ്ഡലങ്ങള്‍.
കേരള കോണ്‍ഗ്രസ് മത്സരിച്ച തിരുവല്ലയും അടൂരും അട്ടിമറിയിലൂടെ ഒപ്പം നിന്നാല്‍ അത്ഭുതപ്പെടാനില്ലെന്നും യുഡിഎഫ് നേതാക്കള്‍ കരുതുന്നു.എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. സ്ഥാനാര്‍ഥികളുടെ മികവും അടിയൊഴുക്കുകളുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
കൈവിടുമെന്ന് കരുതിയ റാന്നിയില്‍ അടിയൊഴുക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമായിരുന്നുവെന്ന് വിലയിരുത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കെതിരെ ഉയര്‍ന്ന വികാരങ്ങളും രാഷ്ട്രീയമായി അവസനനിമിഷം ഉണ്ടായ അടിയൊഴുക്കും ഗുണം ചെയ്തുവെന്നാണ് എല്‍ഡിഎഫ് പക്ഷം.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇരുമുന്നണികളുടെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന ഘടകമായി ബിജെപി വോട്ടുകള്‍ മാറും. 20116നു സമാനമായ രീതിയില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ നേടിയാല്‍ അത് എല്‍ഡിഎഫിന് ഗുണകരമാകും.
ആറന്മുള, തിരുവല്ല മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകളില്‍ കുറവുണ്ടാകുമോയെന്നതാണ് രാഷ്ട്രീയമായി ഉറ്റുനോക്കുന്നത്. ഇതുണ്ടായില്ലെങ്കില്‍ യുഡിഎഫിനു പ്രതീക്ഷ ഗുണം കിട്ടില്ല. സംസ്ഥാന പ്രസിഡന്റ് മത്സരിച്ച കോന്നിയിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും വോട്ടുകളില്‍ കുറവുണ്ടാകാതിരിക്കാനാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്.
ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിനിന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനു ലഭിച്ച വോട്ടുകള്‍ ഇത്തവണ നിലനിര്‍ത്താനായില്ലെങ്കിലും 2016 നിയമസഭ തെരഞ്ഞെടുപ്പ് നിലയിലേക്കെങ്കിലും വോട്ടുകള്‍ വാങ്ങുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നു സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച ആറന്മുളയില് അടക്കം ബിജെപി നേടുന്ന വോട്ടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ വോട്ടുകള്‍ പരമാവധി ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം. ഇതു സാധ്യമായാല്‍ 2016 ഫലം ജില്ലയില്‍ ആവര്‍ത്തിക്കാം. അന്ന് കോന്നി ഒഴികെ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനു ലഭിച്ചതാണ്.