കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, നിങ്ങൾ നിരീക്ഷണത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിക്കാൻ സ്ക്വാഡുകളും മൊബൈൽ ആപ്പും റെഡിയായിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്ക്വാഡുകൾ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും.
പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമായി.
ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡ്, ഫ്ളയിംഗ് സ്ക്വാഡ് എന്നിവയും സേവനം ആരംഭിച്ചിട്ടുള്ളത്.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, അനധികൃതമായി സ്ഥാപിച്ചിട്ടുളള പ്രചാരണ ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്യൽ, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം- ആയുധങ്ങൾ- ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും.
സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവർ നടപടി സ്വീകരിക്കും.
ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തനനിരതമാണ്.
നാലു പഞ്ചായത്തുകൾക്ക് ഒന്ന് എന്ന കണക്കിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഫ്ളൈയിംഗ് സ്ക്വാഡുകളുടെ പ്രവർത്തനം.
എല്ലാ സ്ക്വാഡുകളിലും സിവിൽ പോലീസ് ഓഫീസർമാരെയും പരിശോധന പകർത്താൻ വീഡിയോഗ്രാഫർമാരേയും നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മൊബൈൽ ആപു വഴിയും പരാതി നൽകാം.
പ്ലേ സ്റ്റോറിൽനിന്നും ഡൗണ്ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും.
ഫോട്ടോയോ വീഡിയോയോ ഓഡിയോയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിച്ചിരിക്കണം.
ഫോണിൽ നേരത്തെ സ്റ്റോർ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലിൽ അപ്ലോഡ് ചെയ്യാനാവില്ല.