എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും.സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുകളുമുണ്ട്.
രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുനിസിപ്പാലികളിലേയും കോർപ്പറേഷനുകളിലേയും വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്.
ഗ്രാമപഞ്ചായത്തുകൾ
ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയാം. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നു മുന്നണികളേയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ആറു മാസം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിബാക്കിയുള്ളത്.
അതുകൊണ്ടു തന്നെ അടുത്ത തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് മനസിലാക്കാൻ ഏതാണ്ട് ഈ തെരഞ്ഞെടുപ്പിനു കഴിയും. മൂന്നു മുന്നണികളും വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ്.
വിവാദത്തിനിടയിൽ
തുടർ ഭരണം ലക്ഷ്യമിട്ടു മുന്നേറിയ എൽഡിഎഫിന് വെല്ലുവിളി ഉയർത്തുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സർക്കാരിനെ പിന്തുടരുന്ന സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ആരോപണങ്ങളാണ്.
പ്രതിപക്ഷത്തിന് ഫാഷൻ ഗോൾഡ് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് എം എൽ എ മരുടെ അറസ്റ്റും. ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിമാരും വിജിലൻസ് അന്വേഷണം നേരിടാൻ പോകുകയാണ്.
ഇതിനു പുറമെ വെൽഫയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി കോൺഗ്രസിനുള്ളിലും യുഡി എഫിലും അസ്വാരസ്യങ്ങളുണ്ട്.
തമ്മിൽത്തല്ല്
ബിജെപിയിലാകട്ടെ പാർട്ടിക്കുള്ളിലെ തമ്മിൽ തല്ലാണ് പ്രശ്നം. ഇതിൽ നിന്നെല്ലാം പുറത്തുചാടാൻ മൂന്നുമുന്നണികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്.
ജോസ്.കെ .മാണി – പിജെ ജോസഫ് വിഭാഗങ്ങൾക്ക് തങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഈ രാത്രി സ്ഥാനാർത്ഥികൾക്കും മുന്നണി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രി ആയിരിക്കും.
തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പല മുന്നണി സമവാക്യങ്ങളുടെ തുടക്കവും ഒടുക്കവും ആയിരിക്കും.
പല രാഷ്ട്രീയ നേതാക്കളുടേയും കാലുമാറ്റത്തിന്റെ ചൂണ്ടുപലകയായാണ് രാഷ്ട്രീയ കേരളം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഫലം വരുന്നതിനു മുസ് തന്നെ മുന്നണികൾക്കുള്ളിൽ പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്.