ചാവക്കാട്: ലോറിയിടിച്ചു കൊന്പൊടിഞ്ഞ കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയെ ഉടമയുടെ നാടായ മലപ്പുറത്തേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി.
മൂവാറ്റുപുഴയിലേക്ക് എഴുന്നളളിപ്പിന് ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ മുത്തകുന്ന് അണ്ടിപ്പിള്ളിക്കാവിൽ വച്ചാണ് എതിരെവന്ന ഗ്യാസ് കയറ്റിയ ലോറി ആനയുടെ ഇടത്തേ കൊമ്പിൽ ഇടിച്ചത്. ലോറി നിർത്താതെ പോയി ഇന്നലെ പുലർച്ചെയാണ് അപകടം.
കൊമ്പ് പൂർണമായി മുറിഞ്ഞു വീണ കുട്ടികൃഷ്ണന്റെ (20) കൊമ്പ് ദ്വാരത്തിൻ നിന്ന് ശക്തമായി രക്തം വരാൻ തുടങ്ങിയതോടെ ആനയെ ഏക്കത്തിനെടുത്ത മണത്തലയിലേക്ക് കൊണ്ടുവന്നു ഡോ. പി.ബി. ഗിരിദാസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെത്തി ചികിത്സ നടത്തി.
മുറിവിൽ നാല് തുന്നിക്കെട്ട് നടത്തി. കുത്തിവയ്പു നൽകി. പട്ട തിന്നാൻ കഴിയുന്നില്ലെങ്കിലും പുല്ലും ചോറും കഴിക്കുന്നുണ്ട്. രാത്രി മയക്കം വിട്ടപ്പോൾ വേദനമൂലം ആന ചിന്നംവിളിക്കാൻ തുടങ്ങി.
ഇതേ തുടർന്ന് ആനയുടെ മലപ്പുറത്തേ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം ചികിത്സ നൽകേണ്ടി വരും. ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്തി. ഒടിഞ്ഞ് വീണ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.